ഓട തകർന്ന് മണ്ണ് ഒലിച്ചുപോയി; തിരുനക്കര-ശ്രീനിവാസ അയ്യർ റോഡ് ഇടിഞ്ഞു
text_fieldsകോട്ടയം: തിരുനക്കര ക്ഷേത്രത്തിനു താഴേക്കുള്ള ശ്രീനിവാസ അയ്യർ റോഡ് ഇടിഞ്ഞു. ഇന്ദ്രപ്രസ്ഥം കൺവെൻഷൻ സെന്ററിനു മുന്നിലുള്ള ഇറക്കത്തിലാണ് റോഡ് വ്യാപകമായി വിള്ളൽ വീണ് ഇടിഞ്ഞിരിക്കുന്നത്.
ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി പോകാനാകാത്ത അവസ്ഥയാണ്. നേരത്തേ തന്നെ ഇടതുഭാഗത്ത് റോഡിന്റെ പകുതിവരെ നീളത്തിൽ കുഴി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ ഓട തകർന്ന് റോഡിനു താഴത്തെ മണ്ണ് ഒലിച്ചുപോയതാണ് ഇപ്പോഴത്തെ അവസ്ഥക്കു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ഓടയുടെ ഒരു ഭാഗവും തകർന്ന് താഴേക്കിരുന്ന് കുഴിയായി. റോഡ് പലയിടത്തും വിണ്ട് ഉയർന്നും താഴ്ന്നുമാണിരിക്കുന്നത്. അമ്പലത്തിനു വശത്തെ റോഡിൽനിന്ന് തിരിഞ്ഞിറങ്ങി വരുന്നതിനാൽ അപകട സാധ്യത ഏറെയാണ്. നേരത്തേയും റോഡ് അൽപം ഇടിഞ്ഞാണ് ഇരുന്നിരുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ താഴ്ച അധികമായി.
റോഡിലെ കുഴി കാരണം പകുതി ഭാഗം വെട്ടിച്ചൊഴിവാക്കിയാണ് വാഹനങ്ങൾ പോയിരുന്നത്. ഗതാഗതം തടഞ്ഞ് കാനയും ഈ ഭാഗത്തെ റോഡും പൂർണമായി പൊളിച്ചു പരിശോധിച്ചാലേ പ്രശ്നത്തിന് പരിഹാരമാകൂ. പൊതുമരാമത്ത് അധികൃതരെത്തി കാനയോടുചേർന്നുള്ള കുഴികൾ താൽക്കാലികമായി അടച്ച് രണ്ടു വീപ്പകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
റോഡിലെ വിള്ളലിന് പരിഹാരമായിട്ടില്ല. വലിയ വാഹനങ്ങൾ വന്നാൽ റോഡ് പൂർണമായി താഴേക്കിരിക്കും. ഇരുചക്രവാഹനങ്ങൾ ചാടിച്ചാടിയാണ് സഞ്ചരിക്കുന്നത്. കാന അപകടത്തിലായതിനാൽ കാൽനടക്കാർക്ക് നടക്കാനിടമില്ല.
കുമരകം, മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്നവർക്ക് ബേക്കർ ജങ്ഷനിലെ തിരക്ക് ഒഴിവാക്കി നഗരത്തിലേക്കും തിരുനക്കര അമ്പലത്തിലേക്കും കടക്കാനുള്ള എളുപ്പവഴിയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.