കൊടുംചൂടിലുരുകി ജീവനക്കാർ
text_fieldsകോട്ടയം: കനത്ത ചൂടിൽ പൊള്ളിയുരുകി ഡിജിറ്റൽ റീസർവേ ഫീൽഡ് ജീവനക്കാർ. സംസ്ഥാനത്തൊട്ടാകെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജോലിസമയത്തിൽ പുനഃക്രമീകരണമില്ലെന്ന് മാത്രമല്ല ടാർഗറ്റ് നിശ്ചയിച്ചുനൽകി കട്ടപ്പണിയെടുപ്പിക്കുകയാണ് അധികൃതർ.
കഴിഞ്ഞ വർഷമാണ് റീസർവേ വകുപ്പിന്റെ നേതൃത്വത്തിൽ ‘എന്റെ ഭൂമി’ ഡിജിറ്റർ റീസർവേ ആരംഭിച്ചത്. നാലു വർഷംകൊണ്ട് കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്നതാണ് ലക്ഷ്യം.
ഡിജിറ്റൽ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തിയാണ് ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നത്. സർവേ നടപടിക്ക് 1500 സർവേയർമാർ, 3200 ഹെൽപർമാർ എന്നിവരടക്കം 4700 ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കരാർ അടിസ്ഥാനത്തിലെടുത്തിരുന്നു. ഇവർ മാത്രമാണ് ഫീൽഡിൽ പോകുന്നവർ.
മറുള്ളവർക്ക് ഓഫിസ് ജോലിയാണ്. രണ്ടുപേർ വീതമാണ് സർവേ നടത്തുക. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 12 മുതൽ മൂന്നുവരെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിലുടമക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, പൊരിവെയിലിൽ തണൽ പോലുമില്ലാത്ത പാടത്തും പറമ്പിലും അളവുമായി നടക്കുകയാണ് സ്ത്രീകളടക്കം ഫീൽഡ് ജീവനക്കാർ. നട്ടുച്ച നേരത്തും ഇവർ പണിയെടുത്തേ തീരൂ. ദിവസവും രണ്ടര ഹെക്ടർ ഭൂമിയെങ്കിലും അളക്കണമെന്നാണ് മുകളിൽനിന്നുള്ള നിർദേശം.
ആ ടാർഗറ്റ് തികക്കാൻ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ഇവർ. ചൂടുകാരണം പലർക്കും ശാരീരിക അസ്വസ്ഥതയുണ്ടാകുന്നുണ്ട്. എന്നാലും പണി മുടക്കാനാകുന്നില്ല. സർവേ അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും ചൂടിൽനിന്ന് രക്ഷ നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.