ഒരുമാസം മുമ്പ് ടാർ ചെയ്ത ഈരാറ്റുപേട്ട -വാഗമൺ റോഡ് തകർന്നു
text_fieldsഈരാറ്റുപേട്ട: ചൊവ്വാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ പത്താഴപ്പടി ഭാഗം ഒലിച്ചുപോയി. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയർ, ഓവർസിയർ എന്നിവർ റോഡ് സന്ദർശിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്തുകയും റീടാര്‍ ചെയ്യുകയും ചെയ്ത ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ പ്രധാനറോഡില്‍ തന്നെ പലയിടത്തും ടാറിങ് അടക്കം കുത്തിയൊലിച്ച് പോയ നിലയിലാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചത്. നിർമാണം തുടങ്ങിയതിന് ശേഷം നിലവില്‍ ആനിയളപ്പ് വരെയാണ് റോഡ് പൂര്‍ണമായി ടാര്‍ ചെയ്തത്.
ബാക്കി റോഡില്‍ ഒരുവശത്തെ ടാറിങ് മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. റോഡ് നിര്‍മാണവേളയില്‍ തന്നെ ടാറിങ് ഗുണനിലവാരം സംബന്ധിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആക്ഷേപമുന്നയിച്ചിരുന്നു.
ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ കലുങ്കുകളും ഓടകളും അടഞ്ഞുകിടക്കുന്നതിനാൽ മഴയില്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതു കാരണമാണ് റീ ടാർ ചെയ്ത റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.