ജില്ല ആശുപത്രിയിൽ അഞ്ചാം വാർഡ് ഒരുങ്ങി
text_fieldsകോട്ടയം: ഒന്നരവർഷമായി അടച്ചിട്ടിരുന്ന അഞ്ചാംവാർഡ് അറ്റകുറ്റപ്പണി പൂർത്തിയായി. ജനുവരി ഒന്നിന് തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏഴുദിവസത്തെ ദുഃഖാചരണം ഉള്ളതിനാൽ അതുകഴിഞ്ഞേ വാർഡ് തുറന്നുനൽകൂ. പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്നാണ് പ്രസവാനന്തര വാർഡ് അടച്ചത്. ഇലക്ട്രിക്കൽ ജോലികൾക്കു പുറമെ ടൈൽസ് മാറ്റൽ, റീ പ്ലാസ്റ്ററിങ് എന്നിവയും പൂർത്തിയാക്കിയാണ് വാർഡ് തുറക്കുന്നത്.
42 കിടക്കയാണ് സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചാം വാർഡ് തുറന്ന് മൂന്നാം വാർഡിലുള്ളവരെ ഇങ്ങോട്ടു മാറ്റും. തുടർന്ന് മൂന്നാം വാർഡും അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തും. പ്ലാസ്റ്ററിങ് അടർന്നുവീണ് വാർഡ് അടച്ചിട്ട് നാലുമാസത്തിനുശേഷം എം.എൽ.എ വിളിച്ച യോഗത്തിലാണ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങാൻ നിർദേശിച്ചത്. 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം കണക്കാക്കിയിരുന്നത്. ഈ തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നൽകി.
ഇതു മതിയാകാതെ വന്നതോടെ 50 ലക്ഷം കൂടി ജില്ല പഞ്ചായത്ത് അനുവദിക്കുകയായിരുന്നു. തുടർന്നാണ് പണി ആരംഭിച്ചത്. പണി ഇഴഞ്ഞു നീങ്ങിയത് കാരണമാണ് വാർഡ് തുറക്കാൻ വൈകിയത്. പലപ്പോഴും പ്രവൃത്തികൾ സ്തംഭിക്കുന്ന അവസ്ഥയുമുണ്ടായി. നാലാം വാർഡിലും പ്ലാസ്റ്ററിങ് അടർന്നുവീണിരുന്നെങ്കിലും അപകടാവസ്ഥ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.