കോടിമത അറവുശാല കെട്ടിടത്തിന്റെ തറനിരപ്പ് താഴ്ന്നു
text_fieldsകോട്ടയം: വർഷങ്ങളായുള്ള വെള്ളപ്പൊക്കത്തെതുടർന്ന് കോടിമതയിലെ ആധുനിക അറവുശാല കെട്ടിടത്തിന്റെ മുൻവശത്തെ തറനിരപ്പ് താഴ്ന്നു. ഭിത്തികൾക്ക് വിള്ളൽ, പാരപ്പറ്റിന് കാലപ്പഴക്കം. എന്നാൽ ഇത് കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇവിടം നേരത്തെ പാടമായിരുന്നതിനാൽ കെട്ടിടം താഴേക്ക് ഇരുന്നതായി സംശയം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ചെയർപേഴ്സന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഓവർസിയറും അടങ്ങിയ സംഘം തിങ്കളാഴ്ച പരിശോധന നടത്തിയത്. അറ്റകുറ്റപ്പണി നടത്തിയാൽ കെട്ടിടം പ്രവർത്തനക്ഷമമാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നുകോടി രൂപ ചെലവിട്ട് നിർമിച്ച കോടിമതയിലെ ആധുനിക അറവുശാല കെട്ടിടം 2020 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിന്റെ പേരിൽ നഗരസഭക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
2008 ലാണ് കോടിമത പച്ചക്കറിച്ചന്തക്കു സമീപം 30 സെന്റ് സ്ഥലത്ത് പുതിയ അറവുശാല നിർമാണം ആരംഭിച്ചത്. കേന്ദ്ര സർക്കാറിന്റെ പദ്ധതിയനുസരിച്ചാണ് തുടക്കമിട്ടത്. ഒരുകോടിയിൽപരം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ആ സാമ്പത്തികവർഷം നിർമാണം പൂർത്തിയാകാത്തതിനാൽ അനുവദിച്ച പണം പിൻവലിച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തീകരിച്ചത്. കെട്ടിടം പൂർത്തിയായിട്ടും ഉപകരണങ്ങളും മാലിന്യ നിർമാർജന സംവിധാനവും സജ്ജമാക്കാൻ പിന്നെയും വൈകി. മാടുകളെ കശാപ്പു ചെയ്യുന്നതിന് അത്യാധുനിക യന്ത്രസംവിധാനങ്ങൾ ഒരുക്കിയിരുന്നു.
77 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. പത്തോളം ഇറച്ചിസ്റ്റാളുകളാണുള്ളത്. 2020 ൽ ഉദ്ഘാടനം നടത്തിയിട്ടും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയില്ലാത്തിനാൽ തുറക്കാനായില്ല. മലിനജലശുദ്ധീകരണ പ്ലാന്റ്ഇല്ലാത്തതിനാലാണ് ബോർഡ് അനുമതി നൽകാതിരുന്നത്. അറവുശാല തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അറവുശാലയുടെ പ്രവര്‍ത്തനം എന്നു തുടങ്ങുമെന്ന് ജൂലൈ ആറിനു മുമ്പ് നഗരസഭ സെക്രട്ടറി സത്യവാങ്മൂലം നല്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പ്രതിദിനം മൂവായിരത്തിലേറെ കിലോ ഇറച്ചി വ്യാപാരം നടക്കുന്ന നഗരത്തില്‍ അനധികൃത അറവുശാലകള്‍ ഏറെയാണ്. ആധുനിക അറവുശാല വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരാതികള്‍ക്കൊടുവിലാണ് കോടിമതയില്‍ അറവുശാല നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.