ഒഴുക്ക് നിലക്കുന്നില്ല; പടിഞ്ഞാറ് ദുരിതം
text_fieldsകോട്ടയം: കിഴക്കൻ ജലപ്രവാഹത്തിൽ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മഴയുടെ അളവില്‍ നേരിയ കുറവുണ്ടായെങ്കിലും തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്. ചെറുറോഡുകള്‍ മുങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതവും പൂര്‍ണമായി നിലച്ചു.
തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം, തിരുവാർപ്പ്, മലരിക്കൽ, കാഞ്ഞിരം, കുമ്മനം പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലും വീടുകളിലും വെള്ളം കയറി. കോട്ടയം-കുമരകം റൂട്ടില്‍ താഴത്തങ്ങാടി, ഇല്ലിക്കല്‍ കവല, അറുപറ, ആമ്പക്കുഴി ഭാഗങ്ങളിൽ വെള്ളം കയറി.
മീനച്ചിലാറും കൈവഴിയായ ആമ്പക്കുഴി തോടും കരകവിഞ്ഞ് ഒഴുകിയതോടെയാണ് ഇവിടേക്ക് ജലമെത്തിയത്. നിലവിൽ ഗതാഗതത്തെ ബാധിച്ചിട്ടില്ലെങ്കിലും ഇനിയും ജലനിരപ് ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇല്ലിക്കലില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളെയും പ്രളയം ബാധിച്ചു.
വ്യാഴാഴ്ച രാത്രിയോടെ നേരിയ തോതില്‍ ഇറങ്ങിത്തുടങ്ങിയെങ്കിലും കിഴക്കന്‍ മേഖലയില്‍ ഇടവിട്ടു പെയ്യുന്ന ശക്തമായ മഴയില്‍ വെള്ളം ഒഴുകിയെത്തുന്നത് തിരിച്ചടിയാണെന്ന് നാട്ടുകാർ പറയുന്നു.
അയര്‍ക്കുന്നം, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭ പ്രദേശങ്ങളിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നഷ്ടമുണ്ടാക്കുന്നുണ്ട്. അയർക്കുന്നം പുന്നത്തറ, പേരൂർ പൂവത്തുംമൂട്, കോട്ടയം മള്ളുശ്ശേരി ആംബ്രാസ് കോളനി എന്നിവിടങ്ങളെയും പ്രളയം ബാധിച്ചു.
പാറോച്ചാൽ, വേളൂർ എൽ.പി സ്കൂൾ, ഇല്ലിക്കൽ, പുളിക്കമറ്റം, പുളിനാക്കൽ, പാണംപടി, 15ൽ കടവ്, കല്ലുപുരയ്ക്കൽ, മാണിക്കുന്നം, പാറോച്ചാൽ മേഖലകളിൽ റോഡുകൾ വെള്ളത്തിലാണ്. കോട്ടയം സി.എൻ.ഐ-മണ്ണാന്തറ, ചുങ്കം പനയക്കഴിപ്പ് റോഡുകളിലും ജലം നിറഞ്ഞു.
മണര്‍കാട്, അയര്‍ക്കുന്നം, വിജയപുരം മേഖലകളിലായി നിരവധി കര്‍ഷകരുടെ പച്ചക്കറി കൃഷി വെള്ളത്തിലായി. വിളവെടുപ്പിന് പാകമായതുള്‍പ്പെടെ കപ്പ, വാഴ കൃഷികളും വെള്ളത്തില്‍ മുങ്ങി.
വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യവും ഇഴജന്തുക്കളും പടിഞ്ഞാറന്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്. പാലങ്ങളോടു ചേര്‍ന്ന ഭാഗങ്ങളിലെല്ലാം വന്‍തോതില്‍ മാലിന്യം അടിഞ്ഞുകൂടി.
പ്ലാസ്റ്റിക് മാലിന്യമാണ് ഏറെയും. വരുംദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുന്ന മുന്നറിയിപ്പ് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കിഴക്കൻ മേഖലയിൽനിന്നെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞാലെ തിരുവാർപ്പ് അടക്കമുള്ള പഞ്ചായത്തുകളിലെ ജലനിരപ്പ് താഴുകയുള്ളൂ. കടലിലേക്ക് വേഗത്തിൽ വെള്ളം ഒഴുകിമാറാത്തതും തിരിച്ചടിയാണ്.
ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
ചങ്ങനാശ്ശേരി: മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതിനെ തുടർന്ന് താലൂക്കിലെ പടിഞ്ഞാറൻ നിവാസികൾ ആശങ്കയിൽ. പടിഞ്ഞാറൻ ഭാഗങ്ങളിലും കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇരൂപ്പ ഭാഗത്തെ വീടുകളിലാണ് ആദ്യം വെള്ളം കയറിയത്.
നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ മനക്കച്ചിറ, പൂവം, പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയെങ്കിലും അപകടസ്ഥിതിയില്ല.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പമ്പയാറ് കരകവിഞ്ഞ് പ്രധാന കൈത്തോടായ പുത്തനാറിന്റെ ഇരുകരകളിലും താമസിക്കുന്ന നിരവധി കുടുംബം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവാണ് പടിഞ്ഞാറൻ മേഖലയിൽ ആശങ്കയാകുന്നത്. താലൂക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റാൻ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. താലൂക്കിൽ 24 മണിക്കൂറും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0481 2420037.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.