ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ല; നഗരസഭ ഫ്ലാറ്റ് കൈയടക്കി അനർഹർ
text_fieldsകോട്ടയം: നഗരസഭയുടെ മുള്ളൻകുഴി ഫ്ലാറ്റ് അനർഹർ കൈയടക്കി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വില വരുന്ന സ്ഥലത്ത് പണിത ഫ്ലാറ്റുകളിൽ ചിലത് വിൽക്കുകയും വാടകക്കു കൈമാറുകയും ചെയ്തു. അർഹതപ്പെട്ട നൂറുകണക്കിനുപേർ പുറത്തുനിൽക്കുമ്പോഴാണ് ഹൈകോടതി ഒഴിപ്പിക്കാനാവശ്യപ്പെട്ട രണ്ടുപേരടക്കം രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ ഫ്ലാറ്റിൽ അനധികൃതമായി തുടരുന്നത്. ഈ രണ്ടുപേർക്കും ഫ്ലാറ്റിലെ വീട് കൂടാതെ കോട്ടയം, പെരുമ്പായിക്കാട് വില്ലേജുകളിലും വീടുണ്ട്. മരിച്ചുപോയ രണ്ടുപേർക്കും ഫ്ലാറ്റ് അനുവദിച്ചു.
കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അനർഹരെക്കുറിച്ചുള്ള പരാതി 2021 ജൂൺ 11 നുചേർന്ന കൗൺസിലിൽ എത്തിയിട്ടും ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് നടപടിയെടുക്കാതെ തള്ളി. എന്നാൽ, അനർഹർ താമസിക്കുന്നതായി തെളിവ് ഉള്ളതിനാൽ കൗൺസിൽ തീരുമാനം പുനഃപരിശോധിക്കാനും അനർഹരെ ഒഴിപ്പിച്ച് അർഹർക്ക് നൽകാനും അന്നത്തെ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടും നടപ്പാക്കിയില്ല.
ഒമ്പത് കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റ് വാടകക്ക് നൽകിയതായി പരാതി വന്നിട്ടും തുടരന്വേഷണം വേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചു. നഗരസഭയിലെ ഫ്ലാറ്റ് നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് വിജിലൻസ് നേരത്തേ മിന്നൽ പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ ശിപാർശകൾ ലംഘിച്ച് പുതിയ ഫ്ലാറ്റുകൾ നൽകുന്നു എന്നാരോപിച്ച് പത്മകുമാർ കാരിമറ്റത്തിൽ നൽകിയ പരാതിയിലാണ് തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് കഴിഞ്ഞ ദിവസം നഗരസഭയിൽ പരിശോധന നടത്തിയത്. തുടർന്ന് വിശദ ശിപാർശകളോടെ റിപ്പോർട്ട് സമർപ്പിച്ചു.
പഴയ ഫ്ലാറ്റുകൾ വാങ്ങിയിരുന്നവരെ പുതിയ ഫ്ലാറ്റുകൾ നൽകുന്നതിന് പരിഗണിക്കരുതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ പഴയ ഫ്ലാറ്റുകൾ വാങ്ങിയിരുന്നവരിൽ ഉൾപ്പെട്ട 24 പേരെയാണ് പുതിയ ഫ്ലാറ്റുകൾ അനുവദിക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഇവർ മറ്റെവിടെയും വീടും സ്ഥലവവും ഇല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഇത് ഹാജരാക്കാതെ ഫ്ലാറ്റ് അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഇന്റേണൽ വിജിലൻസ് ഓഫിസര്‍ ഡോ. ചിത്ര പി. അരുണിമ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റ് കിട്ടിയവരിൽ ഭൂരിഭാഗവും തമിഴ് വംശജരായതിനാൽ അവർക്ക് തമിഴ്നാട്ടിൽ ഫ്ലാറ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് അന്വേഷിച്ചിട്ടില്ല.
ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ ശിപാർശകൾ
- അനുവദിച്ച ഫ്ലാറ്റുകളിൽ പരിശോധന നടത്തണം
- ഫ്ലാറ്റിൽ അനധികൃതമായി താമസിക്കുന്ന രണ്ടുപേരെ ഒഴിപ്പിക്കണമെന്ന ഹൈകോടതി നിർദേശം നടപ്പാക്കണം
- നിലവിൽ ഫ്ലാറ്റ് ലഭിച്ചവർക്ക് പട്ടയം നൽകാനുള്ള നടപടി നിർത്തിവെക്കണം
- 24 പേരുടെയും അർഹത സംബന്ധിച്ച് അന്വേഷണം നടത്തണം
- പഴയ ഫ്ലാറ്റിൽ താമസമാക്കിയവരുടെ അനന്തരാവകാശികൾ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കണം
- ഹൗസിങ് പ്രോജക്ടുകള്‍ക്കായി നഗരസഭതല മോണിറ്ററിങ് കമ്മിറ്റികള്‍ വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.