വീട് കുത്തിത്തുറന്ന് 45 പവനും പണവും കവർന്നു
text_fieldsകോട്ടയം: വീട് കുത്തിത്തുറന്ന് 45 പവൻ ആഭരണങ്ങളും പണവും കവർന്നു. പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റ് കുടുംബാംഗങ്ങൾ പുറത്തേക്കുംപോയ സമയത്താണ് മോഷണം. അലമാര തകർത്ത് സ്വർണവും പണവും മോഷ്ടിക്കുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്.
വീടിന്റെ മറ്റ് മുറികളിലും മോഷണശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കവർച്ചക്ക് ശേഷം മോഷ്ടാവ് സമീപത്തെ പുരയിടത്തിലൂടെ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമികനിഗമനം. കവർച്ചക്കുശേഷം ഓടി രക്ഷപ്പെടുമ്പോൾ മോഷ്ടാവിന്റെ കൈയിൽനിന്നും വീണ നിലയിൽ രണ്ടരപ്പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തുനിന്നും ലഭിച്ചു.
കവർച്ചക്ക് ശേഷം മോഷ്ടാവ് വീടിന്റെ അകത്തും, രക്ഷപ്പെട്ട വഴികളിലും മുളകുപൊടി വിതറിയിട്ടുണ്ട്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പുറത്തുപോയ വീട്ടുകാർ തിരികെ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്നും വീടിനെയും, ചുറ്റുപാടിനെപറ്റിയും അറിയുന്നവരാണ് മോഷണം നടത്തിയതെന്നുമാണ് പൊലീസിന്റെ സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.