റോഡിലെ കുഴിയിൽ വീണ് ആംബുലൻസിന്‍റെ യാത്ര മുടങ്ങി
text_fieldsപാലാ: ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പാലാ സ്റ്റേഡിയം ജങ്ഷനിലെ കുഴിയിൽ വീണ് രോഗിയുമായെത്തിയ ആംബുലൻസിന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി കട്ടപ്പനയിൽനിന്ന് കോട്ടയത്തെ ആശുപത്രിയിൽ പോയതാണ് ആംബുലൻസ്. രാത്രി 11.30ഓടുകൂടിയാണ് സംഭവം. ഡ്രൈവറുടെ മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വാഹനം നിയന്ത്രണവിധേയമാക്കിയത്. ഇതോടെ രോഗിയും യാത്രക്കാരും കൂടുതൽ അപകടത്തിൽപെടാതെ രക്ഷപ്പെടുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്ന് സഹായം ചെയ്തുകൊടുത്തതോടെയാണ് രോഗിയെ സുരക്ഷിതമായി ആശുപത്രി എത്തിക്കാനായത്. എം.പിയും എം.എൽ.എയും പ്രാദേശിക ജനപ്രതിനിധികളും ഇവിടുത്തെ കുഴികൾ അടക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കാലാകാലങ്ങളിൽ നിർദേശം നൽകുന്നുണ്ടെങ്കിലും പലപ്പോഴും മണ്ണും മെറ്റലും ഉപയോഗിച്ച് താൽക്കാലികമായി അടക്കാറുമുണ്ട്. എല്ലാത്തിനും രണ്ടുദിവസം മാത്രമാണ് ആയുസ്സ്.
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയുടെ ഭാഗമായ ളാലം പാലം ജങ്ഷനിലും സ്റ്റേഡിയം ജങ്ഷനിലും രൂപപ്പെട്ട റോഡിലെ കുഴികൾ അപകടക്കെണിയായി തീരുന്നു. ഇരുചക്രവാഹന യാത്രക്കാർ ദിവസവും കുഴിയിൽവീണ് പരിക്കേൽക്കുന്നത് പതിവാണ്.നിരത്തിലെ അപകടകരമായ കുഴികൾ നികത്തി റോഡിലെ യാത്ര സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂനിറ്റും ഏകോപന സമിതി യൂത്ത് വിങ്ങും ആവശ്യപ്പെട്ടു.
യോഗത്തിൽ വി.സി. ജോസഫ് ജിസ്മോൻ കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ്, അനൂപ് ജോർജ്, ജയേഷ് പി. ജോർജ്, വിപിൻ പോൾസൺ, സഞ്ജു കെ. ജയിംസ്, അരുൺ ചെറുപുഷ്പം, ജോമോൻ പോൾസൺ, ജോസ് ചന്ദ്രത്തിൽ, ടോം ആനകല്ലിങ്കൽ, അനീഷ് ജോർജ്, അജേഷ് പി. ജോർജ്, ജിബി ആന്റണി, നൈജിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
ശാശ്വതപരിഹാരം ഉണ്ടാകണം -ആം ആദ്‌മി
സ്റ്റേഡിയം ജങ്ഷനിലെ കുഴികൾ ശാശ്വതമായി അടക്കാനുള്ള സത്വരനടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആം ആദ്‌മി പാർട്ടി പാലാ മണ്ഡലം കൺവീനർ ജയേഷ് ജോർജ്. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും നിലനിൽക്കുന്ന ടൈൽ പാകുന്നത് അടക്കമുള്ള കാര്യങ്ങളാണ് അവിടെ അഭികാമ്യം.
പാലാ മണ്ഡലത്തിലെ വികസനത്തിന്റെ പേര് പറഞ്ഞു മുഖ്യധാര രാഷ്ട്രീയപാർട്ടികൾ സജീവമാകാൻ ശ്രമിക്കുമ്പോൾ ക്രിയാത്മക വികസനം നടപ്പാക്കാനാണ് അധികാരികൾ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.