കുതിപ്പ് തുടങ്ങി; ഈരാറ്റുപേട്ടയും എസ്.എം.വി പൂഞ്ഞാറും
text_fieldsപാലാ: ജ്യൂവൽ തോമസ് പുതിയ ഉയരംകുറിച്ച ആദ്യദിനം, റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ ഈരാറ്റുപേട്ട ഉപജില്ലയുടെയും പൂഞ്ഞാർ എസ്.എം.വി. എച്ച്.എസ്.എസിന്റെയും മുന്നേറ്റം. കായികാചാര്യന്‍ ദ്രോണാചാര്യ കെ.പി. തോമസ് മാഷിന്റെ ശിക്ഷണത്തിലെത്തിയ പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍സെക്കന്‍ഡറി സ്കൂൾ 94 പോയന്റുമായാണ് കുതിപ്പ് തുടങ്ങിയത്. ഇവരുടെ ചിറകിലേറിയാണ് ഈരാറ്റുപേട്ട ഉപജില്ല മുന്നേറുന്നത്.
18 സ്വര്‍ണവും 14 വെള്ളിയും എട്ടുവെങ്കലവുമടക്കം 166 പോയന്റുമായാണ് ഈരാറ്റുപേട്ട ഉപജില്ല മുന്നിലോടുന്നത്. എഴു സ്വര്‍ണവും 11 വെള്ളിയും നാലു വെങ്കലവുമായി പാലാ ഉപജില്ലയാണ് (81പോയന്റ്) രണ്ടാമത്. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലവുമായി 63 പോയന്റുള്ള കാഞ്ഞിരപ്പള്ളി ഉപജില്ലയാണ് മൂന്നാമത്.
10 സ്വര്‍ണവും 12 വെള്ളിയും എട്ടുവെങ്കലവുമായാണ് നിലവിലെ ജേതാക്കളായ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസാണ് സ്കൂള്‍ തലത്തില്‍ മുന്നിട്ടുനിൽക്കുന്നത്. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവുമായി 45 പോയന്റോടെ ആതിഥേയരായ പാലാ സെന്റ് തോമസാണ് രണ്ടാമത്. രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ചങ്ങനാശ്ശേരി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളാണ് മൂന്നാമത് (17).
വിശ്രമമില്ലാത്തതിന്റെ തളർച്ചയും കനത്ത വെയിലും താരങ്ങൾക്ക് തിരിച്ചടിയായപ്പോൾ, ശനിയാഴ്ച റെക്കോഡ് നേട്ടം ഒന്നിലൊതുങ്ങി. ജൂനിയർ ആൺകുട്ടികളുടെ
ഹൈജംപിൽ ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയിൽ എച്ച്.എസ്.എസിലെ ജ്യൂവൽ തോമസാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. 1.98 മീറ്റർ ചാടിയാണ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2007-08ൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ജിബിൻ വർഗീസ് സ്ഥാപിച്ച (1.75) റെക്കോഡാണ് ജ്യൂവൽ പുതുക്കിയത്. പൂഞ്ഞാർ എസ്.എം.വി.എച്ച്.എസിലെ റോഷൻ റോയിയും(11.1 െസക്കൻഡ്) ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അഗ്നസ് ജോസഫും(13.2) മീറ്റിലെ അതിവേഗ താരങ്ങളായി. റോഷൻ റോയി മീറ്റിലെ ആദ്യ ട്രിപ്പിൾ നേട്ടക്കാരനുമായി.
ഞായറാഴ്ചത്തെ നടത്തം ഒഴികയുള്ള മത്സരങ്ങൾ രാവിലെ 10 മുതലാകും ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഞായറാഴ്ചയായതിനാൽ ദേവാലയങ്ങളിൽ പോകണമെന്ന കാട്ടി ഒരു വിഭാഗം താരങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് മത്സരങ്ങൾ രാവിലെ 10ലേക്ക് നീട്ടിയത്. നേരത്തേ എട്ടിന് ആരംഭിക്കാനായിരുന്നു തീരുമാനം. രാവിലെ നടന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എം.എല്‍.എ മീറ്റ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച മത്സരം സമാപിക്കും.
മേളയുടെ ഒന്നാംദിനം 41 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് മിനി എം. മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. പാലാ ഡി.ഇ.ഒ വി. സുനിജ, എ.ഇ.ഒ കെ.ബി. ശ്രീകല, ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ജോബി വർഗീസ്, ജോർജുകുട്ടി ജോസഫ്, അജിമോൻ സേവ്യർ, ദ്രോണാചാര്യ കെ.ടി. തോമസ് മാഷ്, ബിജു ആന്റണി, കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.