കാപ്പൻ കൈപിടിച്ചു; സ്കൂൾ വാഹനത്തിന്റെ ബാധ്യത ഒഴിവായി
text_fieldsമേലുകാവ്: നിയുക്ത എം.എൽ.എ വാക്കുപാലിച്ചപ്പോൾ വാഹനം വാങ്ങിയതിലെ കടബാധ്യത ഒഴിവായ ആഹ്ലാദത്തിലാണ് മേലുകാവ്മറ്റം സെൻറ് തോമസ് യു.പി സ്കൂൾ അധികൃതർ. മാണി സി. കാപ്പൻ നാലര ലക്ഷം രൂപ സംഭാവന നൽകിയതോടെയാണ് സ്കൂൾ അധികൃതർ വിദ്യാർഥികൾക്കായി വാങ്ങിയ വാഹനത്തിെൻറ ബാധ്യത ഒഴിവാകുന്നത്.
പാലാ കോർപറേറ്റിെൻറ കീഴിലുള്ള ഈ സ്കൂളിലെ വിദ്യാർഥികൾ യാത്രക്ലേശംമൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേതുടർന്ന് സ്കൂളിന് വാഹനം അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതർ മാണി സി. കാപ്പനെ സമീപിച്ചിരുന്നു. എന്നാൽ, എം.എൽ.എ ഫണ്ടിൽനിന്ന് സ്കൂളുകൾക്ക് വാഹനം അനുവദിക്കാൻ നിയമമില്ല. തുടർന്ന് സ്കൂൾ അധികൃതർ സ്വന്തം നിലയിൽ വാഹനം വാങ്ങിക്കുകയായിരുന്നു. എന്നാൽ, നാലര ലക്ഷം രൂപ വാഹനം വാങ്ങിയ വകയിൽ ബാധ്യതയുണ്ടായി.
പിന്നീട് നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കോവിഡിെൻറ പശ്ചാത്തലത്തിൽ കൊട്ടിക്കലാശമുൾപ്പെടെയുള്ള പരിപാടികൾക്ക് ചെലവാക്കേണ്ട തുക സമൂഹനന്മക്ക് ഉതകുന്ന പദ്ധതികൾക്കായി മാറ്റിവെക്കുമെന്ന് മാണി സി. കാപ്പൻ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ മാറ്റിെവച്ച തുക ഉൾപ്പെടെ നാലരലക്ഷം രൂപ സ്കൂളിന് നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പാലായിലെ യു.ഡി.എഫ് നേതൃത്വവും തീരുമാനത്തിന് പിന്തുണ നൽകി.
ഇന്നലെ മേലുകാവ് എസ്.എച്ച് കോൺവെൻറിലെത്തി നാലരലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ പൊട്ടനാനി, മദർ സിസ്റ്റർ റാണിറ്റ പാറപ്ലാക്കൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. നേതാക്കളായ ജോയി സ്കറിയ, ആർ. സജീവ്, അജി ജെയിംസ്, ജെയിംസ് മാത്യു, ജോസ് സെബാസ്റ്റ്യൻ, സിബി ജോസഫ്, ബിൻസി ടോമി, ബിജു വട്ടക്കല്ലുങ്കൽ, ബിബി ഐസക്, ജീ തയ്യിൽ, ലാസർ മാത്യു എന്നിവരും മാണി സി. കാപ്പനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.