തീവ്രം, ദുരിതം... കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsകോട്ടയം: കനത്ത മഴക്ക് നേരിയ കുറവുണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ. പലയിടങ്ങളിലും വീടുകളിലടക്കം വെള്ളംകയറി. ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച മഴ ബുധനാഴ്ച പുലരും വരെ തുടര്‍ന്നുവെങ്കിലും പിന്നീട് കുറഞ്ഞു.
കോട്ടയം നഗരത്തിലടക്കം പകൽ സമയങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് പെയ്തത്. ജില്ലയുടെ മലയോരമേഖലകളിലും തോരാമഴ മാറിനിന്നു. ഒറ്റപ്പെട്ട കനത്ത മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ മലയോരം ആശങ്കയിൽ തന്നെയാണ്. മഴ ശക്തിപ്പെട്ടാൽ പടിഞ്ഞാറന്‍ മേഖലയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്.ബുധനാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 132.32 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴയുടെ അളവിൽ വലിയ വർധനയാണുണ്ടായത്. 115.8 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം ലഭിച്ചത്.
കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകള്‍, അയര്‍ക്കുന്നം, മണര്‍കാട്, വിജയപുരം, തിരുവാര്‍പ്പ്, അയ്മനം,ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളാണ് മുങ്ങി തുടങ്ങിയത്. കോട്ടയം -കുമരകം റോഡില്‍ ഇല്ലിക്കല്‍ ഭാഗത്ത് വെള്ളം കയറി. പതിനഞ്ചിൽ കടവ്, വേളൂർ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തിരുവാര്‍പ്പ് പഞ്ചായത്തില്‍ താമരശ്ശേരി, അംബേദ്കര്‍ കോളനികള്‍ വെള്ളത്തിലായി. കോട്ടയം നഗരത്തില്‍ ഈരയില്‍ക്കടവ്- മണിപ്പുഴ ബൈപ്പാസില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ വീടുകളും വെള്ളത്തിലാണ്.
അയ്മനം പഞ്ചായത്തിൽ പരിപ്പ്, മുട്ടേൽ പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിനടിയിലാണ്.പാലാ-ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിലും ഭരണങ്ങാനം-വിലങ്ങുപാറ, മരങ്ങാട്ടുപിള്ളി-കടപ്ലാമറ്റം റോഡുകളിലും വെള്ളം കയറി. കിഴക്കന്‍ മേഖലയില്‍ മഴക്ക് നേരിയ ശമനം അനുഭവപ്പെട്ടതിനാല്‍ മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍, പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല.
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയർന്ന നിലയിലാണ്. പേരൂര്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് അപകട നിരപ്പും കവിഞ്ഞ് ഒഴുകുകയാണ്. ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.കിടങ്ങൂരിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമീഷൻ നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരതൊട്ടാണ് മൂവാറ്റുപുഴയാറും ഒഴുകുന്നത്.
മഴയില്‍ ജില്ലയില്‍ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലായി വിതച്ച് ഏതാനും ആഴ്ചകള്‍ മാത്രമായ പല പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്.തുടര്‍ച്ചയായ വൈദ്യുതി മുടക്കം മൂലം വെള്ളം പമ്പ് ചെയ്യാന്‍ കഴിയാത്തതു സ്ഥിതി ഗുരുതരമാക്കുന്നു. പാടങ്ങളിലെ പച്ചക്കറി, വാഴ, കപ്പ കൃഷികളും വെള്ളത്തില്‍ മുങ്ങി നശിക്കുകയാണ്. വലിയതോതിൽ മരങ്ങളും കടപുഴകിയിട്ടുണ്ട്. പലയിടങ്ങളിലും ൈവദ്യൂതി പോസ്റ്റുകളും നിലംപതിച്ചു.
ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് -19, ചങ്ങനാശ്ശേരി - നാല്, മീനച്ചിൽ -മൂന്ന്, കാഞ്ഞിരപ്പള്ളി -ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 152 പുരുഷന്മാരും 181 സ്ത്രീകളും 74 കുട്ടികളുമാണുള്ളത്.
കലക്ടർ എരുമേലി സന്ദർശിച്ചു
എരുമേലി: തോരാമഴയിൽ ദുരിതം അനുഭവിക്കുന്ന എരുമേലിയിലെ മൂക്കൻപെട്ടി, എരുത്വാപ്പുഴ, പൊര്യൻമല പ്രദേശങ്ങൾ കലക്ടർ വി. വിഘ്നേശ്വരി സന്ദർശിച്ചു. മൂക്കൻപെട്ടി പാലം സന്ദർശിച്ച കലക്ടർ സമീപത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീടുകളിലും എത്തി.
എരുമേലി ഗ്രാമപഞ്ചായത്ത് ഓഫിസിൽ കലക്ടർ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി. തഹസിൽദാർ ബെന്നി പി. മാത്യു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, അംഗങ്ങളായ നാസർ പനച്ചി, അനിതാ സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
കാർഷിക മേഖലയിൽ 68.64 ലക്ഷത്തിന്റെ നഷ്ടം
കോട്ടയം: മഴയിൽ കാർഷികമേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. 2023 ജൂൺ ഒന്നുമുതൽ ജൂലൈ അഞ്ചുവരെയുള്ള കണക്കാണിത്.ജില്ലയിൽ 25.13 ഹെക്ടറിലെ കൃഷി നശിച്ചു. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവുമധികം നാശം വാഴ കൃഷിക്കാണ്.
7037 കുലച്ച വാഴകളും 2328 കുലക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷത്തിന്റെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷത്തിന്റെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 5.30 ഹെക്ടറിലെ കപ്പ കൃഷിയും 1.50 ഹെക്ടറിലെ പച്ചക്കറി കൃഷിയും 10 തെങ്ങും നശിച്ചു.
പന്നഗം തോട് കരകവിഞ്ഞു, കാറ്റിൽ കൃഷിനാശം
ഏറ്റുമാനൂര്‍: കനത്തമഴയില്‍ പന്നഗം തോട് കരകവിഞ്ഞു. കിടങ്ങൂര്‍ -മറ്റക്കര റോഡില്‍ വെള്ളം കയറി. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി.ഏറ്റുമാനൂര്‍ ബോയ്സ് ഹൈസ്കൂളിനരികില് നിന്ന പാഴ്മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത് കോട്ടയത്തുനിന്നും അഗ്നിരക്ഷാസേന എത്തിയാണ് വെട്ടിമാറ്റിയത്. സ്കൂള്‍ അവധി ആയതിനാല്‍ ദുരന്തം ഒഴിവായി. കടപ്പൂര് രോഹിണി വീട്ടില്‍ രവികുമാറിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന പിക്അപ് വാനിന് മുകളിലേക്ക് റബര്‍മരം ഒടിഞ്ഞുവീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടുകാര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു.
കാണക്കാരി മേഖലയില്‍ ഓടകള്‍ അടഞ്ഞിരിക്കുന്നതിനാല്‍ ഏറ്റുമാനൂര്‍ -എറണാകുളം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറുവാഹനങ്ങള്‍ പോലും കടന്നുപോകാത്ത അവസ്ഥയാണ്. ചൊവ്വാഴ്ച രാത്രിയുണ്ടായ കാറ്റില്‍ ഏറ്റുമാനൂര്‍, തവളക്കുഴി, പേരൂര്‍, കടപ്ലാമറ്റം, തുടങ്ങിയ ഭാഗങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു.പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. പേരൂര്‍, നീണ്ടൂര്‍, കല്ലറ ഭാഗങ്ങളില്‍ നിരവധി കർഷകരുടെ വാഴകൃഷിക്ക് കാറ്റില്‍ നാശം സംഭവിച്ചു. കൃഷിനാശത്തിന് ദുരിതാശ്വാസം നല്‍കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നിലവില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല.
വീടിന്റെ ഭിത്തികൾ ഇടിഞ്ഞുവീണു
നെടുംകുന്നം: ആറാം വാർഡ് നിലംപൊടിഞ്ഞ പാറച്ചിറ പുതുപ്പറമ്പിൽ ആനന്ദൻ ഗോപാലന്റെ വീടിന്റെ ഭിത്തികൾ ചൊവ്വാഴ്ച രാത്രിയിൽ ഇടിഞ്ഞുവീണു.വീട്ടുകാർ മറ്റ് മുറികളിലായിരുന്നതിനാൽ അപകടമൊഴിവായി. അടുക്കള ഭാഗത്തെ വെട്ടുകല്ലുകൾ കൊണ്ട് കെട്ടിയ ബലക്ഷയമുള്ള പഴയഭിത്തിയാണ് കുതിർന്ന് ഇടിഞ്ഞുവീണത്.വീട്ടുപകരണങ്ങളടക്കം നശിച്ചു. രണ്ട് ഭിത്തികൾ തകർന്നതിനാൽ അവശേഷിക്കുന്ന ഭാഗങ്ങളും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.