അക്ഷരക്കും ആദ്യത്തിനും കാവലായി കാരുണ്യഭവനം
text_fieldsഈരാറ്റുപേട്ട: അവർ ഇനി കാരുണ്യ ഭവനത്തിൽ അന്തിയുറങ്ങും. മാതാവ് രമ്യയുടെ മരണശേഷം ആരുമില്ലാതായ 13 വയസ്സുകാരി അക്ഷരയും എട്ടുവയസ്സുകാരൻ ആദ്യത്തുമാണ് സുമനസ്സുകൾ നിർമിച്ചുനൽകിയ പുതിയവീടായ കാരുണ്യഭവനത്തിൽ മുത്തശ്ശിക്കൊപ്പം ഇനി ജീവിക്കുക.
രമ്യയുടെ മരണശേഷം ആരുമില്ലാതായപ്പോഴാണ് ഈ കുടുംബത്തിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയത്. വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തൽക്കാലം വീടിന്റെ വാടകപോലും വേണ്ടെന്നുവെച്ച് വീട്ടുടമ മനുഷ്യത്വം കാണിച്ചു. കയറിക്കിടക്കാൻ സ്വന്തം കിടപ്പാടം പോലും ഇല്ലാത്ത ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ആസിഫ് പടിപ്പുരക്കലിന്റെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ രംഗത്തെത്തി കാരുണ്യഭവനം എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ കൂട്ടായ്മയിൽ പതിനേഴോളം ആളുകൾ സജീവമാണ്. ഈരാറ്റുപേട്ടയിലെ പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണം കൊണ്ട് കാരക്കാട് ടൗണിൽ അഞ്ചു സെൻറ് സ്ഥലവും വീടും വാങ്ങി. ഏഴ് ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് കാരുണ്യഭവനം സാക്ഷാത്കരിച്ചത്.
തുടർന്നും ഈ കുടുംബത്തിന്റെ സംരക്ഷണം കാരുണ്യ ഭവനം കമ്മിറ്റി ഏറ്റെടുക്കും. ഭാവിയിൽ കുട്ടികൾക്ക് സ്വന്തമാകുന്ന നിലയിൽ മുത്തശ്ശിയുടെ പേരിലാണ് രേഖകൾ.ഈ കുടുംബത്തിന്റെ ദുരിതം 2022 നവംബർ എട്ടിന് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഒരു പ്രദേശത്തിന്റെ കരുതലിൽ അനാഥ മക്കൾക്കുകൂടി ഇടമുണ്ടെന്നുള്ളതിന്റെ നേർസാക്ഷ്യം കൂടിയാണ് കാരക്കാട്ട് ഉയർന്ന കാരുണ്യഭവനം.എട്ട് വർഷം മുമ്പ് തൊഴിൽ ആവശ്യത്തിനായി കാരക്കാട് വന്ന് താമസം തുടങ്ങിയതാണ് രമ്യയുടെ കുടുംബം. എന്തോ കാരണങ്ങളുടെ പേരിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടു.
പിന്നീട് എട്ടുവയസ്സുള്ള ആദ്യത്തിനും 13 വയസ്സുള്ള അക്ഷരയും മുത്തശ്ശിയുടെയും സംരക്ഷണ ചുമതല മാതാവ് രമ്യയുടെ മേൽനോട്ടത്തിലായി. ചെറിയ കൂലിത്തൊഴിൽ ചെയ്തു കുടുംബം പോറ്റിയിരുന്ന രമ്യയെ വളരെ പെട്ടെന്നാണ് അർബുദം പിടികൂടിയത്. താമസിയാതെ എല്ലാവരെയും തനിച്ചാക്കി വേദനയില്ലാത്ത ലോകത്തേക്ക് രമ്യ യാത്രയാകുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാരക്കാട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഇമാം മുഹമ്മദ് സാബിത്ത് മൗലവി വീടിന്റെ താക്കോൽദാനം നിർവഹിക്കും. പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. രക്ഷാധികാരികളായ കെ. മുഹമ്മദ് അഷറഫ്, സെയ്തുകുട്ടി വെള്ളൂപറമ്പിൽ, കൗൺസിലർ സുനിൽകുമാർ, ചെയർമാൻ പരികൊച്ച് മോനി , ജനറൽ കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ, ട്രഷറർ യൂസഫ് ഹിബ, എസ്. സുലൈമാൻ അങ്കാളമ്മൻ കോവിൽ പ്രതിനിധി സി.പി. ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.