മന്ത്രി മണ്ഡലവും ഇടതിനെ കൈവിട്ടു; കോട്ടയത്ത് എട്ടിടത്ത് യു.ഡി.എഫിന് മേല്‍ക്കൈ
text_fieldsകോട്ടയം: ജില്ലയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മൂന്ന് ലോക്സഭ മണ്ഡലത്തിലും വിജയം നേടാനായ യു.ഡി.എഫ് വോട്ടുകണക്കിലും ബഹുദൂരം മൂന്നിൽ. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ജില്ലയിലെ ഒമ്പത് അസംബ്ലി മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലും യു.ഡി.എഫ് മേല്‍ക്കൈ നേടി.
വൈക്കത്ത് മാത്രമാണ് എല്‍.ഡി.എഫിന് ആശ്വാസം. എന്നാൽ, എക്കാലവും ഇടതിനൊപ്പം അടിയുറച്ചുനിന്ന ഇവിടെ ഭൂരിപക്ഷം വലിയതോതിൽ ഇടിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച അഞ്ചിൽ നാലു മണ്ഡലങ്ങളും ലോക്സഭയിൽ യു.ഡി.എഫിനൊപ്പം നിന്നു.
പുതുപ്പള്ളി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് മുന്നിലെത്തിയത്. ഇതിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫുകാരാണ് എം.എൽ.എമാർ.
മന്ത്രി വി.എന്‍. വാസവന്റെയും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെയും മണ്ഡലങ്ങളും ഇടതിനെ കൈവിട്ടവയിൽ ഉൾപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി വി.എന്‍. വാസവന് 14,303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജ് നേടിയത് 9610 വോട്ടിന്റെ ഭൂരിപക്ഷം. 2021ല്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് 13,703 വോട്ടിന് ജയിച്ച കാഞ്ഞിരപ്പള്ളിയില്‍ ഇക്കുറി യു.ഡി.എഫ് 9800 വോട്ടിന്റെ മേല്‍ക്കൈ നേടി. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാഞ്ഞിരപ്പള്ളി.
പുതുപ്പള്ളിയിൽ 27,103 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സ്വന്തമാക്കിയത്. 2021ലെ നിയസമഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിക്ക് 9044 വോട്ടും കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ 37,719 വോട്ടുമായിരുന്നു ഭൂരിപക്ഷം.
മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ ചങ്ങനാശ്ശേരിയിലും യു.ഡി.എഫാണ് മുന്നിൽ. ഇവിടെനിന്ന് കൊടിക്കുന്നില്‍ സുരേഷ് 16,450 വോട്ടിന്റെ മേല്‍ക്കൈയാണ് സ്വന്തമാക്കിയത്. 2021ലെ നിയസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 6059 വോട്ടിന് ജയിച്ച മണ്ഡലമാണിത്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് 14,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. 2021ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 18,743 വോട്ടിനാണ് വിജയിച്ചത്.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാറില്‍നിന്ന് ആന്റോ ആന്റണിക്ക് 12,610 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2021ല്‍ എല്‍.ഡി.എഫ് 16,581 വോട്ടിനാണ് മണ്ഡലത്തില്‍നിന്ന് ജയിച്ചത്. പാലായില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 12465 വോട്ടിന്റെ മേല്‍ക്കൈയാണുള്ളത്. 2021ല്‍ മാണി സി. കാപ്പനു ലഭിച്ച 15,738 മറികടക്കാനായില്ല. 2021ൽ 4256 വോട്ടിന്റെ മാത്രം ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ച കടുത്തുരുത്തിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 11,474 വോട്ടാണ് തോമസ് ചാഴിക്കാടനേക്കാൾ അധികമായി ലഭിച്ചത്.
വൈക്കത്ത് എല്‍.ഡി.എഫ് ഇത്തവണയും മേല്‍ക്കൈ നേടിയെങ്കിലും വോട്ട് ഏറെ ചേര്‍ന്നു. 2021ലെ 29,122ല്‍നിന്ന് 5196 ആയി. വലിയതോതിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ചോർന്നതാണ് ഇതിന് കാരണം.
മണ്ഡലത്തിലെ പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകളിൽ വലിയൊരുഭാഗം ഇത്തവണ ബി.ഡി.ജെ.എസിലൂടെ എൻ.ഡി.എയിലേക്ക് എത്തിയതാണ് എൽ.ഡി.എഫിന് വൻ തിരിച്ചടിയായത്. കോട്ടയം ലോക്സഭ മണ്ഡലത്തിൽനിന്ന് വലിയതോതിലാണ് ഇടത് വോട്ട് ചോർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.