മഴയിൽ വിറച്ച് മലയോരം
text_fieldsഈരാറ്റുപേട്ട: കനത്തമഴയിലും ഉരുൾപൊട്ടലിലും മലയോര മേഖലകളിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നിലവ്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് കൂടുതൽ നഷ്ടം. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നിലവ് ടൗണും വ്യാപാരസ്ഥാപനങ്ങളും മുങ്ങി. ഞായറാഴ്ച എട്ട് അടിയോളം വെള്ളമുണ്ടായിരുന്നു റോഡിലും വ്യാപാരസ്ഥാപനങ്ങളിലും.
45 ഓളം കടകളാണ് ടൗണിലുള്ളത്. 25 കടകളിൽ പൂർണമായും വെള്ളം കയറി. 50 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മൂന്നിലവ് പഞ്ചായത്ത്, സപ്ലൈകോ എന്നിവിടങ്ങളിലും വെള്ളംകയറി. സപ്ലൈകോയിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ ഭൂരിഭാഗം കടകളും അടച്ചിരുന്നു.
മഴ മുന്നിൽകണ്ട് ചിലർ സാധനങ്ങൾ മാറ്റിയിരുന്നു. മൂന്നിലവ് ടൗണിന് സമീപത്തായുള്ള തോട്ടിൽ നാലുവർഷം മുമ്പ് ചെക്ക് ഡാം നിർമിച്ചിട്ടുണ്ട്. രണ്ട് വർഷമായി മൂന്നിലവ് ടൗണിൽ വെള്ളം കയറുന്നുണ്ട്. നിലവിൽ വെള്ളം ഇറങ്ങിയെങ്കിലും മഴ തുടരുന്നതിനാൽ വീണ്ടും കയറുന്ന സ്ഥിതിയാണെന്ന് പ്രദേശവാസിയായ ജോസി പറഞ്ഞു.
മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാർഡിലെ 33 വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ടൗണിലെ വൈദ്യുതിബന്ധം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. മേലുകാവിൽ മണ്ണിടിച്ചിൽ തുടരുന്ന സ്ഥിതിയാണ്. മേച്ചാൽ ഒന്നാം വാർഡിലെ റോഡ് ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിച്ചു. തീക്കോയി പഞ്ചായത്തിലെ ഒറ്റയിട്ടിയിലും, മാർമല അരുവിയുടെ സമീപത്ത് കൊട്ടുകാപള്ളി എസ്റ്റേറ്റിലും തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടുകൂടി ഉരുൾപൊട്ടി.
റബർതോട്ടത്തിൽ പൊട്ടിയ ഉരുൾ റോഡിലൂടെ മീനച്ചിലാറ്റിൽ പതിച്ചു. ഈ വെള്ളമാണ് പാലാ നഗരത്തെ വെള്ളത്തിൽ മുക്കിയത്. മൂന്നിലവ്, മേലുകാവ്, ഇരുമാപ്രമറ്റം പാരിഷ് ഹാൾ, മേച്ചാൽ ഗവ. സ്കൂൾ, വാളകം വയോജനകേന്ദ്രം, അടുക്കം ഗവ. ഹൈസ്കൂൾ എന്നീ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തലപ്പലം ഗ്രാമപഞ്ചായത്തിൽ നാല്, അഞ്ച്, എട്ട് , ഒമ്പത്, 12 എന്നീ വാർഡുകളിലെ അനവധി വീടുകളിൽ വെള്ളംകയറി. പനക്കപാലത്ത് വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയത് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.