ഒരേയൊരു ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ഉമ്മൻ ചാണ്ടിയെന്ന വികാരം. ഉമ്മൻ ചാണ്ടിയുടെ മരണത്തെതുടർന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലും കളം നിറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. ജയിച്ചത് ചാണ്ടി ഉമ്മനാണെങ്കിലും അദ്ദേഹത്തിന് കിട്ടിയ ഓരോ വോട്ടും ഉമ്മൻ ചാണ്ടിക്കുള്ളതാണ്. അത്രയേറെ പുതുപ്പള്ളിയുടെ ഭാഗമായിരുന്നു ഉമ്മൻ ചാണ്ടി. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തനാണ് ഓർമകളിലെ ഉമ്മൻ ചാണ്ടിയെന്ന് തെളിയിക്കുകയാണ് പുതുപ്പള്ളിയിലെ വിജയം.
ജൂലൈ 18നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. അന്നുതൊട്ട് ഇന്നുവരെ പുതുപ്പള്ളിയിൽനിന്ന് ആ പേര് മാഞ്ഞിട്ടില്ല. ചീകിയൊതുക്കാത്ത മുടിയും തൂവെള്ള വസ്ത്രവും ധരിച്ച് പതിവുചിരിയോടെ ഉമ്മൻ ചാണ്ടി വോട്ടർമാരുടെ മനസ്സിൽ നിറഞ്ഞുനിന്നു. വിവാദങ്ങളും ആരോപണങ്ങളും വന്നപ്പോഴും ആ ചിത്രത്തിന് മാറ്റം വന്നില്ല. സംസ്ഥാനത്തെ മറ്റൊരു നേതാവിനും ലഭിക്കാത്ത യാത്രയയപ്പാണ് മഴയിലും വെയിലിലും മണിക്കൂറുകൾ കാത്തുനിന്ന് ജനം അദ്ദേഹത്തിന് സമ്മാനിച്ചത്.
അദ്ദേഹത്തിന്റെ കല്ലറയിലും ഓർമകളും പ്രാർഥനകളുമായി ജനം ഒഴുകിയെത്തി. ചിലർക്ക് അദ്ദേഹം പുണ്യാളനായി. പരാതികളും ആവശ്യങ്ങളും എഴുതിയ കുറിപ്പുകൾ പുതുപ്പള്ളി സെന്റ ജോർജ് വലിയപള്ളിയിലെ കബറിടത്തിൽ കുന്നുകൂടി. പ്രചാരണസമയത്ത് ചാണ്ടി ഉമ്മന് ചുറ്റും കണ്ട ജനക്കൂട്ടവും ഉമ്മൻ ചാണ്ടിയെ ആണ് ഓർമിപ്പിച്ചത്. അവരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ഉമ്മവെച്ചും കെട്ടിപ്പിടിച്ചുമെല്ലാം അവർ വാത്സല്യം അറിയിച്ചു. പലർക്കും ചാണ്ടി ഉമ്മൻ എന്ന പേര് അറിയുമായിരുന്നില്ല. കുഞ്ഞൂഞ്ഞിന്റെ മകനെന്നാണ് മുതിർന്ന വോട്ടർമാർ വിശേഷിപ്പിച്ചത്.
സഹതാപതരംഗം ഉയർത്തി വോട്ടു പിടിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലടക്കം ഇടത് അനുകൂലികൾ രൂക്ഷമായ ആക്ഷേപമുയർത്തിയിട്ടും പുതുപ്പള്ളിയിലെ വോട്ടർമാർ കുലുങ്ങിയില്ല. വികസനമില്ലെന്ന് പറഞ്ഞവരോട് പുതുപ്പള്ളിയിലെ കാര്യങ്ങൾ ഞങ്ങൾക്കറിയാം എന്ന് തിരിച്ചുപറഞ്ഞു. ഉമ്മൻ ചാണ്ടിയെന്ന വികാരം വോട്ടാകില്ലെന്ന് എതിർവിഭാഗം ആവർത്തിച്ചപ്പോഴും അഞ്ചു പതിറ്റാണ്ട് അദ്ദേഹത്തെ പൊതിഞ്ഞുപിടിച്ചിരുന്ന കരങ്ങൾ ചാണ്ടി ഉമ്മനെയും നെഞ്ചിൽ ചേർക്കുന്ന കാഴ്ചക്ക് മണ്ഡലം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയടക്കം പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിക്ക് ലീഡ് കുറഞ്ഞിരുന്നു. ആ കുറവെല്ലാം നികത്തി ഉമ്മൻ ചാണ്ടിക്ക് നൽകിയതിലേറെ ഭൂരിപക്ഷം നൽകിയാണ് ചാണ്ടി ഉമ്മനോടുള്ള സ്നേഹം പുതുപ്പള്ളി അറിയിച്ചത്. പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയെന്ന സമവാക്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് വിജയം.
ഒറിജിനൽ പുണ്യാളൻ തന്നെ, സംശയമുണ്ടോ?’ മറുപടിയുമായി കോൺഗ്രസ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെ ചൊല്ലി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സമൂഹകമാധ്യമങ്ങളിൽ വീണ്ടും ചർച്ച. വോട്ടെടുപ്പ് ദിനമായ ഈമാസം അഞ്ചിന് ‘പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാർഥിക്കണമേ’ എന്നെഴുതിയ കുറിപ്പ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കണ്ടിരുന്നു. ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ ഈ പോസ്റ്ററിന് മറുപടിയുമായി കോണ്ഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
‘തെരഞ്ഞെടുപ്പ് ഫലം വന്നു, പുണ്യാളൻ ഒറിജിനൽ തന്നെ, സംശയമുണ്ടോ’ എന്ന ചോദ്യവുമായി കോണ്ഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
ഇടത് അനുഭാവിയായ മെൽബിൻ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. ‘ഇലക്ഷൻ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി സഖാവ് ജെയ്ക്കിന്റെ വിജയത്തിനുവേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്.
പുണ്യാളൻ ഒറിജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനാണെന്നും പിന്നിൽ ഇടത് സൈബർ കേന്ദ്രങ്ങളാണെന്നുമായിരുന്നു കോണ്ഗ്രസ് ആരോപിച്ചിരുന്നു. അതിനിടയിൽ മെൽബിൻ സെബാസ്റ്റ്യൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് അപ്രത്യക്ഷമായി.
വോട്ട് മറിക്കൽ ആരോപണത്തിന് ആക്കം കൂട്ടുന്ന വിധം ബി.ജെ.പി പ്രകടനം
കോട്ടയം: പുതുപ്പള്ളിയിൽ അതിദയനീയ പരാജയം ഏറ്റുവാങ്ങി ബി.ജെ.പി. വലിയ മുന്നേറ്റം പ്രതീക്ഷിച്ച് ജില്ല പ്രസിഡന്റ് ജി. ലിജിൻ ലാലിനെ കളത്തിലിറക്കിയെങ്കിലും സി.പി.എം ആരോപിക്കുന്ന വോട്ട് മറിക്കലിന് ആക്കം കൂട്ടുന്ന തരത്തിലായി ബി.ജെ.പി പ്രകടനം. എല്ലാ പഞ്ചായത്തിലും യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ പേരിന് ചലനമുണ്ടാക്കാൻപോലും സാധിക്കാതെ ബി.ജെ.പി കീഴടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് എൻ. ഹരി 11,694 വോട്ട് നേടിയ സ്ഥാനത്ത് ഇപ്പോഴത്തെ ജില്ല അധ്യക്ഷന് 6558 വോട്ടേ നേടാനായുള്ളൂയെന്നത് നാണക്കേടിന് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് ഫലം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടിയാകും. സ്ഥാനാർഥി പ്രഖ്യാപനത്തിലും ബി.ജെ.പി വളരെ പിന്നിലായിരുന്നു.
പല മുതിർന്ന നേതാക്കളുടെയും പേരുകൾ ഉയർന്നെങ്കിലും അവരാരും മത്സരിക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് ലിജിൻ ലാൽ എത്തിയത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി, രണ്ട് കേന്ദ്രമന്ത്രിമാർ, സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ മുഴുവൻ നേതാക്കൾ എന്നിവർ ഇറങ്ങിയുള്ള പ്രചാരണം നടത്തിയിട്ടും കഴിഞ്ഞതവണ നേടിയതിനേക്കാൾ അയ്യായിരത്തിലധികം വോട്ടാണ് കുറഞ്ഞത്. ഒരു റൗണ്ടില്പോലും 1000 വോട്ട് തികക്കാൻ ലിജിൻ ലാലിന് സാധിച്ചില്ല. നാലാം റൗണ്ടില് കൂരോപ്പടയിലെ ബൂത്തുകൾ എണ്ണിയപ്പോൾ 750 വോട്ട് നേടിയതാണ് ഏക മികച്ച പ്രകടനം.
സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് വിവാദവും ഈ വിഷയത്തിൽ എൻ.എസ്.എസ് നേതൃത്വത്തിന്റെ നിലപാടും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് അതും ലഭിച്ചില്ല. ക്രിസ്ത്യൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ മണിപ്പൂർ സംഘർഷം വോട്ടർമാരെ സ്വാധീനിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായതായും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.