കോട്ടയം റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്റർ ഏപ്രിലിൽ തുറക്കും
text_fieldsകോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന മൂന്ന് നിലയിലുള്ള പിൽഗ്രിം സെന്റർ ഏപ്രിലിൽ തുറക്കും. ആദ്യനിലയിലെ ജോലി പൂർത്തിയായി. മറ്റ് രണ്ട് നിലകളിൽ ബൾബുകൾ അടക്കമുള്ളവ ഘടിപ്പിക്കാനുള്ള ജോലികളാണ് അവശേഷിക്കുന്നത്. ഇത് പൂർത്തിയാക്കി ഏപ്രിൽ 15ന് പിൽഗ്രിം സെന്റർ തുറന്നുനൽകുമെന്ന് തോമസ് ചാഴിക്കാടൻ എം. പി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നാം നിലയിൽ 10 ടോയിലറ്റുകളും 10 ബാത്റൂമുകളും കൂടി നിർമിക്കും.
പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ജോലി മാർച്ച് 31ഓടെ പൂർത്തിയാകും. എന്നാൽ, ട്രെയിൻ കടത്തിവിടണമെങ്കിൽ നിലവിലുള്ള സിഗ്നൽ സിസ്റ്റം പുതിയ പാതയുമായി ബന്ധിപ്പിക്കണം. ഇതിനായി അഞ്ചുമുതൽ ഏഴ് ദിവസംവരെ ആവശ്യമാണ്. ഇതിന് റെയിൽവേ ബോർഡിന്റെ അനുമതിയും ആവശ്യമാണ്. ഇതിനായി ട്രെയിനുകൾ ആലപ്പുഴ വഴി കടത്തിവിടേണ്ടിയും വരും. ഈ ജോലി പൂർത്തിയായശേഷമേ റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന നടക്കൂ. ഇത് പൂർത്തിയാക്കി ഏപ്രിൽ അവസാനത്തോടെ രണ്ടാംപാത പൂർണസജ്ജമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
ഗുഡ് ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം പ്രവേശന കവാടത്തിലെ ഫുട് ഓവർ ബ്രിഡ്ജ് മാർച്ചിൽ പൂർത്തിയാകും. എന്നാൽ, നാല് ടിക്കറ്റ് കൗണ്ടറുകളുടെയും വിശ്രമമുറികളുടെയും ടോയ്ലറ്റുകളുടെയും ജോലി ടെൻഡർ ചെയ്തു പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. എം.പിയുടെ ആവശ്യപ്രകാരം താൽക്കാലിക സംവിധാനം എന്ന നിലയിൽ രണ്ടാം കവാടത്തിലെ യാത്രക്കാരുടെ സൗകര്യത്തിനായി ഫുട് ഓവർ ബ്രിഡ്ജിന്റെ സമീപം ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മിഷൻ സ്ഥാപിക്കും. ഇതിനായി എം.പി ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ അനുവദിക്കും.
രണ്ടാം കവാടത്തിലെ കെട്ടിട നിർമാണം ഡിസംബറിൽ പൂർത്തിയാക്കും. നാല് ടിക്കറ്റ് കൗണ്ടർ, വെയിറ്റിങ് ഹാൾ, രണ്ട് എസ്കലേറ്റർ, ഒരു ലിഫ്റ്റ് എന്നിവയുണ്ടാവും. നിലവിലുള്ള ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലേക്കുള്ള ഫുട് ഓവർ ബ്രിഡ്ജ് നിലനിർത്തിക്കൊണ്ട് രണ്ടാമതൊരു ഫുട് ഓവർ ബ്രിഡ്ജ് കൂടി പുതിയ അഞ്ച് പ്ലാറ്റുഫോമുകളെയും കൂടി ബന്ധിപ്പിച്ച് നിർമിക്കും. തേക്കടി, മൂന്നാർ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന ടൂറിസ്റ്റുകൾക്കുവേണ്ടി ടൂറിസം വകുപ്പിന്റെ കൗണ്ടർ അനുവദിക്കാനും എം.പി നിർദേശിച്ചു.
ഒന്നാംനമ്പർ പ്ലാറ്റുഫോമിലെ നോൺ എ.സി വെയ്റ്റിങ് ഹാൾ മാർച്ച് 31നും എ.സി വെയ്റ്റിങ് ഹാൾ മേയ് 31നും പൂർത്തിയാക്കും. എസ്കലേറ്റർ ജോലി 10 ദിവസത്തിനകം പൂർത്തീകരിക്കും. ലിഫ്റ്റിന്റെ ജോലി മേയ് 31നകം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി.
അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർ മുകുന്ദ രാമസ്വാമി, റെയിൽവേ സീനിയർ ഡിവിഷനൽ കമേർഷ്യൽ മാനേജർ ജെറിൻ പി.ആനന്ദ്, റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകർ, സീനിയർ ഡെപ്യൂട്ടി എൻജിനീയർ രാജ രാജൻ, എക്സിക്യൂട്ടിവ് എൻജിനീയർ രഞ്ജിത്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.