നാട്ടകത്തെ പൊലീസ് വെടിവെപ്പ് പരിശീലനം അടൂരിലേക്ക് മാറ്റി
text_fieldsകോട്ടയം: നാട്ടകത്ത് വെടിയുണ്ട ഉന്നംതെറ്റി സമീപത്തെ വീടിന്റെ ജനല്‍ചില്ല് തകര്‍ത്തതിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് പരിശീലനകേന്ദ്രത്തിലെ വെടിവെപ്പ് പരിശീലനം നിര്‍ത്താനും വെടിയുണ്ട ഉന്നം തെറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്താനും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നിർദേശം നൽകി. കൂടാതെ, അടൂരിലുള്ള പൊലീസ് എ.ആര് ക്യാമ്പിനോടനുബന്ധിച്ച സ്ഥലത്ത് ഷൂട്ടിങ് പരിശീലനം നടത്താനും തീരുമാനമായി. നാട്ടകത്തെ ഷൂട്ടിങ് പരിശീലനകേന്ദ്രത്തിന് സമീപത്തെ ബിന്ദുനഗറില് സോണിയുടെ വീടിന്റെ ജനല്‍ചില്ലാണ് വെടിവെപ്പിൽ തകർന്നത്. ഈ സമയം സോണിയുടെ മകള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് കുട്ടി വീട്ടുകാരെ വിളിച്ചതിനെത്തുടര്‍ന്ന് അമ്മയെത്തിയപ്പോഴാണ് വെടിയുണ്ട ചില്ല് തകര്‍ത്ത് മുറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ചിങ്ങവനം പൊലീസില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.
രണ്ടുവര്‍ഷം മുമ്പും പരിശീലനത്തിനിടെ ഉന്നംതെറ്റി വെടിയുണ്ട എം.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഷോറൂമിന്റെ വാതിലിലെ ഗ്ലാസില്‍ കൊണ്ടിരുന്നു. അന്ന് ആളുകൾ അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവിടുത്തെ പരിശീലന കേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അവയൊക്കെ അവഗണിക്കുകയാണെന്നും പരിശീലനകേന്ദ്രത്തിന് തൊട്ടുസമീപത്ത് പോളിടെക്നിക്കും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നതിനാല്‍ അപകടസാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.