പോളിസി സാധുവല്ലെന്ന് സമയത്ത് അറിയിച്ചില്ല; എൽ.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ
text_fieldsകോട്ടയം: 20 ലക്ഷം രൂപ പ്രീമിയം മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച എൽ.ഐ.സിയുടെ സാങ്കേതികവീഴ്ചക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. പ്രവാസി ജീമോന്റെ ഭാര്യയും മകളുമാണ് പരാതിക്കാർ.
രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമങ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപമായി നൽകി ജീമോന്റെ പേരിൽ എടുത്തത്. എൽ.ഐ.സി ആവശ്യപ്പെട്ട വൈദ്യപരിശോധനക്കും ജീമോൻ വിധേയനായി. തുടർന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നൽകി ലണ്ടനിലേക്ക് പോയി. എന്നാൽ കോവിഡ് വ്യാപിച്ചതോടെ പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി അനുവദിക്കുന്നത് എൽ.ഐ.സി താൽക്കാലികമായി നിർത്തി. ഇതിനിടെ ലണ്ടനിൽ കോവിഡ് ബാധിച്ച് ജീമോൻ മരിച്ചു.
തുടർന്ന് അവകാശികൾ ഇൻഷുറൻസ് തുക ആവശ്യപ്പെട്ടപ്പോൾ നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി എൽ.ഐ.സി പരിരക്ഷ നിഷേധിച്ചു. അതേസമയം പ്രീമിയം തുകയായ 20,72,565 രൂപ 2021 ജനുവരിയിൽ തിരികെ നൽകി. ഇതിനെതിരെ പരാതി സ്വീകരിച്ച ഉപഭോക്തൃ കമീഷൻ വിശദമായ തെളിവെടുപ്പ് നടത്തി.
നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലാത്തതിനാൽ രണ്ടരക്കോടിയുടെ പരിരക്ഷക്ക് അവകാശികൾ അർഹരല്ലെന്ന് കമീഷൻ കണ്ടെത്തി. അതേസമയം പോളിസി അപേക്ഷകളിൽ 15 ദിവസത്തിനകം നടപടിയെടുത്ത് തീരുമാനം അപേക്ഷകനെ അറിയിക്കണമെന്ന വ്യവസ്ഥ എൽ.ഐ.സി ലംഘിച്ചു.
2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപമായി കൈപ്പറ്റിയിട്ടും 2020 സെപ്റ്റംബർ വരെ പോളിസി അംഗീകരിച്ചതായോ നിരസിച്ചതായോ അവകാശികളെ അറിയിക്കാതിരുന്നതും പ്രീമിയം തുകയായ 20,72,565 രൂപ 2021 ജനുവരി വരെ അവകാശികൾക്ക് തിരികെ നൽകാതിരുന്നതും ഗുരുതര സേവന വീഴ്ചയാണ്.
കോവിഡ് കാരണം പ്രവാസികൾക്ക് എൽ.ഐ.സിയുടെ ലൈഫ് ഇൻഷുറൻസ് പോളിസി നിഷേധിച്ചത് ജീമോനെ മരണത്തിനുമുമ്പേ അറിയിക്കാതിരുന്നതുവഴി മറ്റുകമ്പനികളുടെ പോളിസി എടുക്കാനുള്ള അവസരം നിഷേധിച്ചതും വീഴ്ചയാണെന്ന് കമീഷൻ വിലയിരുത്തി. അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ജീമോന്റെ ഭാര്യക്കും മക്കൾക്കും 50 ലക്ഷം രൂപ ഒമ്പതുശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരികെ നൽകാനാണ് ഉത്തരവിട്ടത്. അല്ലാത്തപക്ഷം 12 ശതമാനം പലിശയും പിഴയും, 10,000 രൂപ കോടതി ചെലവും സഹിതം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.