മഴ തുടരുന്നു; ദുരിതവും
text_fieldsകോട്ടയം: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും വെള്ളപ്പൊക്കഭീഷണി അതിരൂക്ഷമായി. ഒറ്റപ്പെട്ടയിടങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വീടുകൾക്കും വാഹനങ്ങൾക്കും ഉൾപ്പെടെ നാശനഷ്ടമുണ്ടായി.
പലയിടത്തും വീടിന് മുകളിലേക്ക് മരങ്ങളും ബോർഡുകളും വീണ് ആൾക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കുമരകം, തിരുവാതുക്കൽ, ചിങ്ങവനം തുടങ്ങി നിരവധി പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾക്ക് പൂർണമാകും ഭാഗികമായും നാശനഷ്ടമുണ്ടായി. കൊടൂരാറ്റിലും മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കനത്തമഴയിലും ശക്തമായ കാറ്റിലും തിരുവാതുക്കൽ വേളൂരിൽ വീടുകൾക്ക് വ്യാപകനാശം. ഭഗവതിപറമ്പിൽ കല്ലുപുരക്കൽ സുജാതയുടെ വീടിന്റെ റൂഫിങ് കാറ്റിൽ സമീപത്തെ വീട്ടിലേക്ക് പതിച്ചു.
അപകടം നടക്കുന്ന സമയം സുജാതയും മരുമകളും ഒരുവയസ്സുള്ള കുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ റൂഫിങ് തകർന്നുപോകുന്നതടക്കമുള്ള സംഭവത്തിന്റെ ഭയപ്പാടിലാണ് കഴിഞ്ഞരാത്രി ഇവർ കഴിഞ്ഞുകൂടിയത്.
രാത്രി നഷ്ടപ്പെട്ട വൈദ്യുതി വ്യാഴാഴ്ച രാവിലെയോടെയാണ് പുനഃസ്ഥാപിച്ചത്. ഇവരുടെ വീടിന് മുകളിലെ ടേബിളുകളും വസ്ത്രങ്ങളും ഉൾപ്പെടെ വെള്ളത്തിലായി. വേളൂർ ചപ്പുഴശ്ശേരിൽ കെ.ജി. കുസുമകുമാരിയുടെ വീടും ഭഗവതിപറമ്പിൽ അരുണിന്റെ വീടിനും നാശനഷ്ടമുണ്ടായി. കുമരകം കണ്ണാടിച്ചാൽ പറേൽകാട്ട് ലളിതയുടെ വീടിനും വ്യാപക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിൽ ഷീറ്റ് പറന്നുപോകുകയായിരുന്നു. ശബ്ദം കേട്ട് ലളിതയും മകനും വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
കനത്തമഴയില്‍ ചാന്നാനിക്കാട് വീട് ഇടിഞ്ഞു. പനച്ചിക്കാട് പതിനേഴാം വാർഡിൽ ചാന്നാനിക്കാട് ദുർഗാക്ഷേത്രത്തിന് സമീപത്തെ വീടാണ് ഇടിഞ്ഞത്. ഒരു മുറിയുടെ രണ്ട് ഭിത്തിയും പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച പുലർച്ച ആറിനാണ് സംഭവം. ചാന്നാനിക്കാട് പിള്ളക്കൊണ്ടൂർ രാധയുടെ വീടാണ് ഇടിഞ്ഞത്. ഉറങ്ങിക്കിടന്ന അച്ഛനും മകനും വലിയ അത്യാഹിതത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
രാധയുടെ മകൻ വിഷ്ണുവും ഭാര്യ സുമിയും ഇവരുടെ മകനുമാണ് കട്ടിലിൽ കിടന്നിരുന്നത്. ഉറക്കത്തിലായിരുന്ന വിഷ്ണുവും മകനും കട്ടിലിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് ഉറക്കമുണർന്നപ്പോള്‍ മുറിയുടെ ഭിത്തിയില്‍ വിള്ളല്‍ വീഴുന്നത് കാണുകയായിരുന്നു. ഉടൻതന്നെ മകനെയുമെടുത്ത് പുറത്ത് കടന്നതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
പെട്ടെന്നുതന്നെ ഭിത്തിയും മേല്‍ക്കൂരയും കട്ടിലിലേക്കും മറ്റു ഭാഗങ്ങളിലേക്കും തകർന്നുവീണു. അപകടം നടക്കുമ്പോള്‍ അമ്മ രാധയും ഭാര്യ സുമിയും അടുക്കളയിലായിരുന്നു. ഇവർ മറ്റൊരു വീട്ടിലേക്ക് താമസം മാറി.
കുമരകം കണ്ണങ്കരിയിൽ ദേവയാനിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ കൊല്ലങ്കരി പാടത്തേക്ക് പറന്നുപോയി. സംഭവസമയം വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ജുവും മക്കളായ അദ്വൈതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ല. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. വ്യാഴാഴ്ച പൊതുവെ കനത്തമഴ മാറിനിന്നത് ജനങ്ങളിൽ നേരിയ തോതിൽ ആശ്വാസത്തിനുളവാക്കി.
കൂടുതൽ മഴ ഈരാറ്റുപേട്ടയിൽ
കോട്ടയം: ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈരാറ്റുപേട്ടയിൽ. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവിൽ 72 മില്ലിമീറ്റർ മഴയാണ് ഈരാറ്റുപേട്ടയിൽ രേഖപ്പെടുത്തിയത്. മുണ്ടക്കയത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്, 29 മില്ലിമീറ്റർ. പാമ്പാടി -64.8, തീക്കോയി -60, കോട്ടയം -51.8, കോഴ -41, ബോയ്സ് എസ്റ്റേറ്റ് - 39, കാഞ്ഞിരപ്പള്ളി -38.6 എന്നിങ്ങനെയാണ് വിവിധപ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എട്ട് ദുരിതാശ്വാസ ക്യാമ്പ്
കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിലാണ് ക്യാമ്പുകൾ. 30 കുടുംബങ്ങളിൽ നിന്നുള്ള 95 പേരാണ് ഇവിടെയുള്ളത്. ഇവരിൽ 39 പുരുഷന്മാരും 39 സ്ത്രീകളും 17 കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.