പെരിയോർ സ്മാരക നവീകരണം നവംബറിൽ പൂർത്തിയാക്കും -തമിഴ്നാട് മന്ത്രി ഇ.വി. വേലു
text_fieldsവൈക്കം: തമിഴ്നാട് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയകവലയിലെ തന്തൈ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ സ്മാരക നവീകരണം നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു. പെരിയോര്‍ സ്മാരകത്തിലെ നിര്‍മാണജോലി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി മുതല്‍മുടക്കിയാണ് സ്മാരകം നവീകരിക്കുന്നത്.
പെരിയോറുടെ ജീവചരിത്രവും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസുമാകും പ്രവര്‍ത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമക്ക് മുന്നിലായി വലിയ കവാടം നിര്‍മിക്കും. ഓപണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്യും. ഇതിനു സമീപത്ത് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ലൈബ്രറി പ്രവര്‍ത്തിക്കും. ചീഫ് എൻജിനീയര്‍ എസ്. കാശിലിംഗം, ഓഫിസര്‍ സ്പെഷല്‍ ഡ്യൂട്ടി വിശ്വനാഥന്, സൂപ്രണ്ടിങ് എൻജിനീയര്‍ സത്യവാഗീശ്വരന്‍, ലെയ്സണ്‍ ഓഫിസര്‍ ആര്. ഉണ്ണികൃഷ്ണന്, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ കെ.ആര്. മുരുകേശന് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്.
വൈക്കത്ത് കേരള സര്‍ക്കാര്‍ നല്കിയ 84 സെന്റിലാണ് തന്തൈ പെരിയോര്‍ സ്മാരകം നിര്‍മിച്ചത്.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് തമിഴ്നാട് പെരിയോര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ പണം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.