പൊലീസിന്റെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് റവന്യൂ വകുപ്പ്
text_fieldsകോട്ടയം: പൊലീസിന്റെ അടിസ്ഥാനവികസനത്തിന് നീക്കിവെച്ച ഒന്നേകാൽ ഏക്കർ സ്ഥലത്ത് ബോർഡ് സ്ഥാപിച്ച് റവന്യൂ വകുപ്പ്. നഗരത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ കിഴക്കുള്ള ഭൂമിയിലാണ് റവന്യൂ വകുപ്പ് അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർഹൗസിനുള്ള സ്ഥലമെന്നാണ് ബോർഡിൽ കാണിച്ചിരിക്കുന്നത്. ജില്ലക്ക് അനുവദിച്ച സൈബർ പൊലീസ് സ്റ്റേഷൻ അടക്കം സ്ഥാപിക്കാൻ നീക്കിവെച്ച സ്ഥലമാണിത്.
കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിൽനിന്ന് ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചിരുന്നു. ഈ നോട്ടീസിന് എസ്.പി മറുപടി നൽകുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകീട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ബോർഡ് സ്ഥാപിച്ചത്.
നിലവിൽ ജില്ലയിലെ പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഭൂമിയെല്ലാം റവന്യൂ വകുപ്പ് പുറമ്പോക്ക് കൈവശം എന്നാണ് രേഖയിൽ. ഒറ്റ സർവേ നമ്പറിലുള്ള ഈ ഭൂമിയിലാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, എസ്.പി ഓഫിസ്, വിജിലൻസ് ഓഫിസ്, പ്ലാനിങ് ബോർഡ് ഓഫിസ്, സി.ബി.സി.ഐ.ഡി ഓഫിസ് തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്.
ഇതിൽനിന്ന് രണ്ടേക്കർ ഭൂമി വർഷങ്ങൾക്കുമുമ്പ് കോടതി സമുച്ചയം നിർമിക്കാൻ വിട്ടുകാടുത്തിരുന്നു. ഒരുവർഷത്തിനകം നിർമാണപ്രവൃത്തി നടത്തിയില്ലെങ്കിൽ ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇതുവരെ നിർമാണം നടന്നിട്ടില്ല.
ഈ ഭൂമി റവന്യൂ വകുപ്പിന് ഏറ്റെടുക്കാമെന്നിരിക്കെയാണ് പൊലീസിന്റെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ച ഭൂമിയിൽ നിലവിൽ ക്വാർട്ടേഴ്സുകളുണ്ട്. ചിലതിൽ താമസക്കാരുണ്ട്. ഒരെണ്ണം കെന്നൽ പരിശീലനത്തിന് വിട്ടുനൽകി. മറ്റു ചിലത് ശോച്യാവസ്ഥയിലാണ്. പതിനെട്ടോളം ക്വാർട്ടേഴ്സുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണം പൊളിച്ചാണ് ഇന്നത്തെ എസ്.പി ഓഫിസ് നിർമിച്ചത്.
സൈബർ പൊലീസ് സറ്റേഷൻ, വനിത പൊലീസ് സ്റ്റേഷൻ, ടെലികമ്യൂണിക്കേഷൻ ഓഫിസ് എന്നിവ സ്ഥാപിക്കാനുള്ള ഭൂമിയാണിത്. ഫ്ലാറ്റ് മാതൃകയിൽ ക്വാർട്ടേഴ്സും നിർമിക്കാൻ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. നിലവിൽ ടെലികമ്യൂണിക്കേഷൻ ഓഫിസ് പ്രവർത്തിക്കുന്നത് ടെറസിൽ ഒരുക്കിയ സൗകര്യത്തിലാണ്. ഈ ഭൂമി നഷ്ടപ്പെട്ടാൽ ക്വാർട്ടേഴ്സ് നിർമാണമടക്കം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.