പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റൈസ് മിൽ അധികൃതർ
text_fieldsവെച്ചൂർ: രണ്ടുമാസമായി മോഡേൺ റൈസ് മില്ലിൽ അറ്റകുറ്റപ്പണി നടക്കുകയാണെന്നും മില്ലിന്റെ പ്രവർത്തനം ഓയിൽ പാം ഇന്ത്യ അവസാനിപ്പിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെച്ചൂർ മോഡേൺ റൈസ്മിൽ മാനേജർ ഇൻ ചാർജ് ബിപിൻ ജെ.പ്രകാശ്. 11 വർഷം പഴക്കമുള്ള മെഷീനാണ്.
വിളവെടുപ്പിനു മുമ്പ് വർഷംതോറും നടക്കുന്ന അറ്റകുറ്റപ്പണി നടത്തി നെല്ല് സംഭരിക്കാൻ മില്ലിനെ സജ്ജമാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ബോയിലർ പരിശോധനക്ക് വിദഗ്ധർ അടുത്തദിവസമെത്തും. കൊയ്ത്ത് നടന്നുവരുന്ന പാലക്കാട്ടുനിന്ന് മോഡേൺ റൈസ് മിൽ നെല്ല് സംഭരണം ആരംഭിച്ചു.
തലയോലപ്പറമ്പിന് സമീപത്തെ വടകര പാടശേഖരത്തിൽനിന്ന് തിങ്കളാഴ്ചയോടെ നെല്ല് സംഭരിച്ചുതുടങ്ങും. കടുത്തുരുത്തിയിലെ മിത്രംകരി, കല്ലറ മുണ്ടാറിലെ പാടശേഖരങ്ങൾ, കുട്ടനാട്ടിലെ റാണി, വെച്ചൂരിലെ അരികുപുറം പാടശേഖരങ്ങളിൽനിന്ന് നെല്ല് സംഭരിക്കാൻ ഇതിനകം ധാരണയായി. കഴിഞ്ഞ നവംബർ മുതൽ മാർച്ച് വരെ കടുത്തുരുത്തി, കല്ലറ, വെച്ചൂർ എന്നിവടങ്ങളിൽനിന്ന് 4000 ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് ഓയിൽപാം ഒരുമാസത്തിന് മുമ്പ് നെൽ വിലയും നൽകി. ഈ സീസണിൽ നെല്ലുസംഭരിക്കാൻ മോഡേൺ റൈസ് മില്ലിന് ആറു കോടിയോളം വേണം. കഴിഞ്ഞതവണ നെല്ല് സംഭരിച്ച് പുഴുങ്ങി അരിയാക്കി സിവിൽ സപ്ലൈസിന് നൽകിയ ഇനത്തിൽ നെൽവിലയും സബ്സിഡിയുമടക്കം ലഭിക്കാനുള്ള എട്ടുകോടി ഇനിയും ലഭിച്ചിട്ടില്ല.
യാഥാർഥ്യമിതായിരിക്കെ മോഡേൺ റൈസ് മില്ലിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണം സ്വകാര്യ റൈസ് മില്ലുകളുടെ വിപണിയിലെ ചൂഷണം വർധിപ്പിക്കാനേ സഹായിക്കുവെന്ന് റൈസ് മിൽ അധികൃതർ ചൂണ്ടിക്കാട്ടി.
അപ്പർ കുട്ടനാട്ടിലെ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ മോഡേൺ റൈസ് മില്ലിന് വിമുഖതയില്ല. വെച്ചൂരിലെ 33 പാടശേഖരങ്ങളിൽ മൂന്നിലൊന്ന് പാടശേഖരങ്ങളെ മോഡേൺ റൈസ് മില്ലിന് നെല്ലു നൽകാറുള്ളൂ.
ഒട്ടുമിക്ക പാടശേഖര ഭരണസമിതികൾക്കും സ്വകാര്യ റൈസ് മില്ലുകാർക്ക് നെല്ല് നൽകാനാണ് താൽപര്യം.
താരയുടെ പേരിൽ സ്വകാര്യ മില്ലുകാർ നെല്ലെടുക്കാൻ വിമുഖത കാട്ടിയപ്പോൾ കർഷകർക്ക് ഗുണകരമാകുന്ന തരത്തിൽ തലയാഴത്തെ ഒരു വലിയ പാടശേഖരത്തിലെ നെല്ലുസംഭരിക്കാൻ ധാരണയായി.
നെല്ലെടുക്കാൻ ടോറസും സജ്ജമാക്കി പാടത്തേക്ക് പോകാനൊരുങ്ങിയപ്പോൾ തങ്ങൾക്ക് നൽകാമെന്നേറ്റ ഈർപ്പത്തിന്റെ പേരിലെ കിഴിവിൽ സ്വകാര്യ മില്ലിന് നെല്ല് പാടശേഖര സമിതി നൽകിയ സംഭവവുമുണ്ടായിട്ടുണ്ടെന്ന് മോഡേൺ റൈസ് മിൽ അധികൃതർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.