മൂന്നു കണ്മണികൾ ഒന്നിച്ച് സ്കൂളിലേക്ക്...
text_fieldsകോട്ടയം: പുതുപ്പള്ളി ചിറയിൽ വീട്ടിൽ സ്കൂളിൽ പോകുന്നതിന്‍റെ തയാറെടുപ്പ് തലേന്നേ തുടങ്ങി. ബാഗൊരുക്കുന്നു, വാട്ടർ ബോട്ടിലെടുക്കുന്നു, പുത്തൻ വസ്ത്രത്തിൽ ഒരുങ്ങിവന്ന് അമ്മയോട് ഫോട്ടോ എടുക്കാൻ പറയുന്നു, എങ്ങനെയുണ്ടെന്ന് നോക്കുന്നു... ആകെ തിരക്കിന്‍റെ മേളമാണ്.
ഒന്നല്ല മൂന്നുപേരാണിവിടെ ആദ്യമായി സ്കൂളിലേക്ക് പോകുന്നത്; അതും എൽ.കെ.ജിയിലേക്ക്. എരമല്ലൂർ ഗവ. എൽ.പി സ്കൂളിലാണ് പ്രവേശനം നേടിയത്. കറുകച്ചാലിലെ റിലയൻസ് ട്രെൻഡ്സ് മാനേജർ കമൽരാജിന്‍റെയും ആശയുടെയും മക്കളായ കീർത്തന, നന്ദന, സരയൂ എന്നിവരാണ് ഈ വിദ്യാർഥിനികൾ; ഒറ്റപ്രസവത്തിലെ കൺമണികൾ. സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് ഇവർ. ഒറ്റപ്രസവത്തിൽ ജനിച്ചവരാണെങ്കിലും മൂന്നുപേർക്കും മൂന്നു സ്വഭാവമാണെന്ന് അമ്മ ആശ പറയുന്നു. ബഹളവും വഴക്കും ഒഴിഞ്ഞ നേരമില്ല. എന്നാൽ, അവരുടെ വഴക്കിൽ മുതിർന്നവർ ഇടപെടാനും സമ്മതിക്കില്ല. എല്ലാം അവർ തന്നെ തീർക്കും.
കമൽരാജിന്‍റെ മാതാപിതാക്കളായ രാജനും കോമളവല്ലിയുമാണ് കുട്ടികളുടെ വീട്ടിലെ കൂട്ട്. ഒപ്പം സഹോദരൻ കാർത്തിക്കുമുണ്ട്. വി.ജെ. ഉമ്മൻ മെമ്മോറിയൽ യു.പി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ് കാർത്തിക്. കമൽരാജിന്‍റെ അനിയൻ സുനിൽരാജിനും ഭാര്യ സന്ധ്യക്കും ഇരട്ടക്കുട്ടികളാണ്. വൈഗ സുനിലും വൈഷ്ണവി സുനിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.