കോട്ടയം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഡിസംബറിൽ തുറക്കും
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം ആദ്യഘട്ടം ഡിസംബറിൽ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എം.പി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ റെയിൽവേ ഡി.ആർ.എം എസ്.എൻ. ശർമ അറിയിച്ചു.രണ്ട് എസ്കലേറ്റർ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവ ഉൾപ്പെടെ രണ്ടാം കവാടം പൂർണമായി 2024 മാർച്ചിന് മുമ്പ് പ്രവർത്തനക്ഷമമാവും. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ഓവർ ബ്രിഡ്ജും മാർച്ചിന് മുമ്പ് പൂർത്തിയാകും.
റെയിൽവേ സ്റ്റേഷനെയും റബർ ബോർഡ് ഓഫിസിനെയും ബന്ധിപ്പിക്കുന്ന മദർ തെരേസ റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഡിസൈൻ തയാറാക്കാൻ ഐ.ഐ.ടിയുടെ റിപ്പോർട്ട് ലഭിക്കുമെന്നും തുടർ നടപടി ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ എം.പിക്ക് ഉറപ്പു നൽകി. പ്ലാറ്റ്ഫോമുകളിലെ ചോർച്ച ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണി രണ്ടാഴ്ചക്കകം പൂർത്തിയാക്കും.
പ്ലാറ്റ്ഫോമുകൾക്ക് പൂർണമായും മേൽക്കൂര തയാറാക്കും. മുട്ടമ്പലം-ചന്തക്കടവ് റോഡിലെ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അപ്രോച്ച് റോഡുകൾ നന്നാക്കാനും നടപടി സ്വീകരിക്കും. കാൽനടക്കാർക്ക് ആവശ്യമായ വെളിച്ചം ലഭിക്കാൻ സംവിധാനം ഏർപ്പെടുത്തും.പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി വയഡക്ട് നിർമിച്ചപ്പോൾ തോടുകൾ, കലുങ്ക് എന്നിവ അടഞ്ഞതുമൂലം മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്ര സമീപത്തെ വീടുകളിൽ വെള്ളക്കെട്ട് ഉണ്ടായത് പരിഹരിക്കും.
തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ
മണ്ഡലകാലം തുടങ്ങും മുമ്പ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പാർക്കിങ് സൗകര്യം സജ്ജമാക്കുമെന്ന് റെയിൽവേ അറിയിച്ചു. മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കും. ഇരുമുടിക്കെട്ടുകൾ സൂക്ഷിക്കാനും തീർഥാടകർക്ക് വിശ്രമിക്കാനും കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യാനും സൗകര്യമേർപ്പെടുത്തും.
കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ പ്ലാറ്റ്ഫോം ഉയർത്തി നിർമിക്കും. രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ഫുട്ഓവർ ബ്രിഡ്ജും ആവശ്യമായ പ്ലാറ്റ്ഫോം ഷെൽട്ടറും നിർമിക്കും.
മാർച്ച് മുതൽ ട്രെയിനുകൾ വേഗത്തിലോടും
വളവുകൾ നിവർത്തി കായംകുളം-കോട്ടയം-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി വർധിപ്പിക്കാനുള്ള നടപടി അടുത്ത മാർച്ചിൽ പൂർത്തിയാകും. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 15ൽനിന്ന് 45 കിലോമീറ്ററായി വർധിപ്പിക്കാനുള്ള പ്രവൃത്തി പൂർത്തിയാകുന്നു.
അവലോകന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ കൗൺസിലർമാരായ മോളിക്കുട്ടി സെബാസ്റ്റ്യൻ, സിൻസി പാറയിൽ, സീനിയർ ഡിവിഷനൽ എൻജിനീയർ നരസിംഹാചാരി, സീനിയർ ഡി.സി.എം ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.