ആലപ്പുഴ ജലപാതയിൽ സർവിസ് ഇന്ന് പുനരാരംഭിക്കും; ബോട്ട് ഓടാൻ റെഡി
text_fieldsകോട്ടയം: പോള ശല്യം മൂലം ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവിസ് ബുധനാഴ്ച പുനരാരംഭിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ ബോട്ട് സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേ ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് ജി. പ്രവീൺകുമാർ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് ബോട്ട് സർവിസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തണ്ണീർമുക്കം ബണ്ട് കൃത്യസമയത്ത് തുറക്കാൻ സാധിക്കുകയാണെങ്കിൽ പോള പ്രശ്നം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കാർഷിക കലണ്ടർ കൃത്യമായി പാലിക്കാൻ സാധിക്കുന്നില്ല. കൊയ്ത്ത് കഴിയുന്നതിനുമുമ്പ് ബണ്ട് തുറന്നാൽ കൃഷിനാശം സംഭവിക്കും. ബോട്ട് ചാലിൽ നിരവധി തടസ്സങ്ങൾ ഉള്ളതായി ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. വർഷകാലത്ത് വൻ തോതിൽ ചെളിയും എക്കലും അടിഞ്ഞ് ബോട്ട് ചാലിന്റെ ആഴം കുറഞ്ഞിട്ടുണ്ട്.
കാലാകാലങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കുകയും കാർഷിക കലണ്ടർ കൃത്യമായി പാലിച്ച് ബണ്ട് കൃത്യസമയത്ത് തുറക്കുകയും ചെയ്താൽ മാത്രമേ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ. കോട്ടയം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ജലപാതയിൽ ഉള്ള ചെറിയ പാലങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ബോട്ട് സർവിസ് മുടങ്ങാറുണ്ടെന്ന് അധികൃതർ അറിയിച്ചു. ബോട്ട് സർവിസ് മുടങ്ങാത്ത രീതിയിൽ അറ്റകുറ്റപ്പണി നടത്താൻ സംവിധാനം ഉണ്ടാകണം.
അടിയന്തരമായി പായൽ നീക്കം ചെയ്യുന്നതിനും ബോട്ട് കനാലിന്റെ ആഴം വർധിപ്പിക്കുന്നതിനും നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡി.എൽ.എസ്.എ സെക്രട്ടറി ആവശ്യപ്പെട്ടു. ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ കോട്ടയം മുനിസിപ്പൽ സെക്രട്ടറി, ഉൾനാടൻ ജല ഗതാഗത അതോറിറ്റി, ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയർ എന്നിവരെ കേസിൽ കക്ഷി ചേർക്കാൻ ഉത്തരവായി. പോള വാരൽ യന്ത്രം നന്നാക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് അടുത്ത ജൂൺ 27ന് പരിഗണിക്കും.
വൈദ്യുതി പ്രശ്നം ഉടൻ പരിഹരിക്കും
ആർപ്പൂക്കര അമ്പലം പ്രദേശത്തെ വൈദ്യുതി പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കുമെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട പണി നടക്കുന്നതിനിടെ വൈദ്യുതി ബോർഡിന്റെ ഹൈടെൻഷൻ കേബിൾ പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും.
പ്രതിസന്ധി പരിഹരിച്ച് റിപ്പോർട്ട് ജൂൺ 27ന് കേസ് പരിഗണിക്കുമ്പോൾ സമർപ്പിക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വെട്ടി മാറ്റിയ അക്കേഷ്യ മരങ്ങൾക്ക് പകരമായി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ബുധനാഴ്ച ഇതിനായി പ്രത്യേക യോഗം സൂപ്രണ്ട് ഓഫിസിൽ വിളിച്ചിട്ടുണ്ടെന്ന് ഡോ. സരിതാഷേണായി അറിയിച്ചു. മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് സമീപമാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷത്തൈകൾ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് നൽകുന്നത്. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും.
ഹിയറിങ്ങിൽ പാരാ ലീഗൽ വളന്റിയർമാരായ പ്രഫ. എബ്രഹാം സെബാസ്റ്റ്യൻ, കെ.സി. വർഗീസ്, ആർ. സുരേഷ് കുമാർ, എം.കെ. അബ്ദുൾ ലത്തീഫ്, ഹസീന ബീവി, ലീഗൽ അസിസ്റ്റൻറ് ശിൽപ മോൾ എന്നിവർ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.