എം.ജിയിലെ സസ്പെൻഷൻ നീതിരഹിതം -റോജി എം. ജോൺ എം.എൽ.എ
text_fieldsഅതിരമ്പുഴ: എം.ജി സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നീതിരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് റോജി എം. ജോൺ എം.എൽ.എ. എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന റിലേ സത്യഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാല നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ച് ജീവനക്കാരുടെ നിരപരാധിത്വം ബോധ്യപ്പെട്ടിട്ടും അവരെ പുറത്തു നിർത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ നിലപാട് യഥാർഥ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. ഇതുസംബന്ധിച്ച് നടക്കുന്ന പൊലീസ് അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. മഹേഷ്, എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, പ്രിയദർശിനി വനിത വേദി ചെയർപേഴ്സൻ എസ്. സുജ, കൺവീനർ വി.ആർ. ഗായത്രി എന്നിവർ സംസാരിച്ചു.
സി.പി. സൂസൻ, പി.കെ. ജയ്നമ്മ, വി.കെ. മിനി മോൾ, സിമി, വൽസമ്മ, കെ.പി. സരിത, ജീന മേരി ജോൺ, അമ്പിളി തോമസ്, എസ്. സുജ, വി.ആർ. ഗായത്രി എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു. സമരത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച മഹിള കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.