നൂറ്റാണ്ടിന്‍റെ ചരിത്രംപേറി മരമുത്തശ്ശി
text_fieldsവൈക്കം: ചരിത്രംപേറുന്ന മരമുത്തശ്ശിക്ക് പറയാനുണ്ട് മഹാത്മജിയുടെ സ്മരണകൾ. സത്യഗ്രഹകാലത്ത് മഹാത്മജി ആദ്യമായി വൈക്കം ബോട്ട്ജെട്ടിയിൽ വന്നിറങ്ങിയപ്പോൾ തണലേകിയത് ഈ വാകമരമാണ്.വേമ്പനാട്ട് കായലിന്‍റെ സമീപം പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിന്‍റെ മുറ്റത്ത് തണൽവിരിച്ചുനിൽക്കുന്ന ഈ മരമുത്തശ്ശി വൈക്കത്തിന്‍റെ ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പ്രഗല്ഭരായ കവികൾക്കും ഉന്നതരായ രാഷ്ട്രീയപ്രമുഖർക്കും തണലും ഭാവനയും നൽകിയ ഈ തണൽമരത്തിന് 120 വർഷത്തിന് മുകളിൽ പ്രായമുണ്ട്. വേമ്പനാട്ട് കായലിന് അലങ്കാരമായി തലയുയർത്തി നിന്നിരുന്ന ഈ മരം ഇന്നു വാർധക്യത്തിന്‍റെ അവശതകൾപേറി തൊലിയും കമ്പും ഉണങ്ങിയ നിലയിലാണെങ്കിലും പച്ചപ്പണിഞ്ഞ കൊമ്പുകൾ അവശേഷിക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് അപകടകരമായ ചില കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു.
വൈക്കം സത്യഗ്രഹ സമരകാലത്ത് മഹാത്മജി എത്തിയപ്പോൾ കാണാനെത്തിയ നൂറുകണക്കിന് സത്യഗ്രഹികൾ ഉൾപ്പെടെയുള്ളവർ സമ്മേളിച്ചിരുന്നതും പ്രസംഗം കേൾക്കാൻ കാതോർത്ത് നിന്നതും ഈ കായൽ കരയിലാണ്. വേരുകളാൽ സ്വയംതീർക്കപ്പെട്ട ഇരിപ്പിടങ്ങൾ ഈ മരത്തിനുണ്ടായിരുന്നു.
ജവഹർ ലാൽ നെഹ്റു, ഇന്ദിര ഗാന്ധി അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ, വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, വൈക്കം മുഹമ്മദ് ബഷീറും ഈ മരത്തണലിൽ ഇരുന്ന് വേമ്പനാട്ട് കായലിന്‍റെ മനോഹാരിത ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെ രാഷ്ട്രീയചർച്ചക്കൾക്കും ഈ മരമുത്തശ്ശി സാക്ഷ്യംവഹിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന മരമുത്തശ്ശി മഹാത്മജിക്ക് തണലേകിയ തിരുശേഷിപ്പായി വൈക്കത്ത് ഇപ്പോഴുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.