ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനം കത്തിനശിച്ചു
text_fieldsകോട്ടയം: താലൂക്ക് ഓഫിസ് പരിസരത്ത് പാർക്ക് ചെയ്ത ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനം കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയം ലീഗൽ മെട്രോളജി വകുപ്പിന്റെ ടാറ്റ സുമോയാണ് കത്തിയത്. ഏഴുവർഷമായി ലീഗൽ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങളിൽ ഒന്നാണിത്. സമീപത്തെ മാലിന്യത്തിൽനിന്ന് തീപടർന്നതാണ് വാഹനം കത്തിനശിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധികൃതർ ദുരൂഹത സംശയിക്കുന്നുണ്ട്.
കോട്ടയം സിവിൽ സ്റ്റേഷന്റെ നിർമാണം നിലച്ച അനക്സ് കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലാണ് വാഹനം ഔദ്യോഗിക യാത്രകൾക്ക് ശേഷം നിർത്തിയിടുന്നത്. ഇത്തരത്തിൽ ബുധനാഴ്ച വൈകീട്ട് നിർത്തിയിട്ട വാഹനമായിരുന്നു ഇത്. രാവിലെ 7.30ഓടെ സമീപത്തെ വീട്ടുകാർ ടയറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദവും ഒപ്പം തീയുയരുന്നതും കണ്ട് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു.
സമീപത്ത് കൂട്ടിയിട്ട പേപ്പർ, പ്ലാസ്റ്റിക് മാലിന്യവും കത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകൾഭാഗത്ത് തീ വലിയതോതിൽ പടർന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 14 വകുപ്പുകളുടെയും പേപ്പർ മാലിന്യം അടക്കമുള്ളവർ ഈ പരിസരത്ത് കൂട്ടിയിട്ടിരുന്നു.
ഇതിനെതിരെ ജീവനക്കാർ തന്നെ പലവട്ടം പ്രതിഷേധം ഉയർത്തിയിരുന്നുവെങ്കിലും മാലിന്യം നീക്കാൻ നടപടിയുണ്ടായില്ല. ഇതിനിടയാണ് കാർ കത്തിയ സംഭവം ഉണ്ടായത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.