വെബ്സൈറ്റ് നിലച്ചു; റബർ കർഷകർക്ക് ഇരുട്ടടി
text_fieldsകോട്ടയം: റബർ വിലയിടിവിൽ വലയുന്നതിനിടെ കർഷകർക്ക് തിരിച്ചടിയായി പുതിയ പ്രതിസന്ധി. സർക്കാറിന്റെ റബര്‍ വില സ്ഥിരത പദ്ധതിയിലേക്കുള്ള ബില്ലുകള്‍ അപ്ലോഡ് ചെയ്യാൻ കഴിയാത്തതാണ് ദുരിതമാകുന്നത്. ഇതോടെ റബര്‍ വില സ്ഥിരത പദ്ധതിയും പ്രതിസന്ധിയിലായി.
കഴിഞ്ഞ മാസം ആറിനാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ജില്ലയിൽനിന്നടക്കമുള്ള കർഷകരുടെ ബില്ലുകള്‍ ആര്.പി.എസുകളിലും റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. കോട്ടയത്ത് മാത്രം ഒരുലക്ഷത്തിലധികം ബില്ലുകൾ കെട്ടികിടക്കുന്നതായാണ് കണക്കുകൾ.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ് വെബ്സൈറ്റ് കൈകാര്യം ചെയ്തിരുന്നത്. ഇവർക്ക് സംസ്ഥാന സര്‍ക്കാര്‍ 15 കോടിയോളം രൂപ നല്‍കാനുണ്ട്. കഴിഞ്ഞ നവംബറില്‍ സര്‍ക്കാറും എന്‍.ഐ.സിയുമായുള്ള കരാര്‍ അവസാനിച്ചു. പിന്നാലെ കുടിശ്ശിക തുക ആവശ്യപ്പെട്ട് എന്‍.ഐ.സി. കത്ത് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, സർക്കാറിൽനിന്ന് അനുകൂല മറുപടിയൊന്നുമുണ്ടായില്ല. പിന്നാലെ, ഡിസംബര്‍ ആറിനു വെബ്സൈറ്റ് പ്രവര്‍ത്തനം നിലച്ചു. റബറിന് നിശ്ചിത വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള റബര്‍ വില സ്ഥിരത പദ്ധതി 2015 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്.
ഓരോ ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 170 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകന് ധനസഹായമായി നൽകുന്നതാണ് പദ്ധതി. ഇതനുസരിച്ച് കിലോക്ക് 170 രൂപയിൽ കുറവാണെങ്കിൽ ബാക്കി തുക സർക്കാർ കർഷകന്റെ അക്കൗണ്ടിലേക്ക് നൽകും. ഇതിനായി കർഷകർ റബർ വിറ്റതിന്റെ ബില്ലുകൾ അപ്ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്.
ഇത്തവണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഒക്ടോബറിലാണ് ബില്ലുകള്‍ അപ്ലോഡ് ചെയ്യാന്‍ അവസരമൊരുങ്ങിയത്. ഈ ഘട്ടത്തിൽ 40 ദിവസം മാത്രമാണ് വെബ്സൈറ്റ് പ്രവര്‍ത്തിച്ചതെന്നും 130വരെ വില താഴ്ന്ന സാഹചര്യത്തിൽ ഷീറ്റ് വിറ്റവരടക്കം ബില്ലുകൾ അപ്ലോഡ് ചെയ്യാനായി കാത്തിരിക്കുകയാണെന്നും കർഷകസംഘടനകൾ പറയുന്നു. മഴ പൂര്‍ണമായി മാറി റബര്‍ ഉൽപാദനം സജീവമായിരിക്കെയാണ് പ്രതിസന്ധിയെന്നത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
ഉയരാതെ റബർവില; ആശങ്ക
കോട്ടയം: റബര്‍ ഷീറ്റിന് ക്ഷാമം നേരിടുന്നതിനൊപ്പം വിദേശവിപണിയില്‍ വില ഉയർന്നിട്ടും കുതിപ്പില്ലാതെ ആഭ്യന്തരവിപണി. വിദേശത്ത് വില ഉയരുകയും ഇറക്കുമതി കുറയുകയും ചെയ്തിട്ടും റബര്‍ ബോര്‍ഡിന്റെ വില 150ൽ ചുറ്റുകയാണ്. നിലവിലെ സാഹചര്യത്തിൽ വില 170 രൂപയോട് അടുക്കേണ്ടതാണെന്നാണ് കർഷക സംഘടനകൾ പറയുന്നു. റബര്‍ ബോര്‍ഡ് വില പ്രഖ്യാപനത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
ഉൽപാദനം, ഉപഭോഗം തുടങ്ങി പല മാനണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു മുമ്പ് റബര്‍ ബോര്‍ഡ് ഓരോ ദിവസവും വില പ്രഖ്യപിച്ചിരുന്നത്. നിലവില്‍ വ്യാപാരികളുടെ വില മാത്രം അടിസ്ഥാനമാക്കിയാണ് ബോര്‍ഡിന്റെ വില പ്രഖ്യാപനമെന്നാണു കര്‍ഷകരുടെ വിമര്‍ശനം.
ശനിയാഴ്ച ആര്.എസ്.എസ് നാല് ഗ്രേഡിന് 156 രൂപയും ആര്.എസ്.എസ് അഞ്ച് ഗ്രേഡിന് 152 രൂപയുമായിരുന്നു റബർ ബോർഡ് നൽകിയ വില. റബര്‍ ബോര്‍ഡ് പ്രഖ്യാപിത വിലയേക്കാള്‍ കിലോക്ക് അഞ്ചു രൂപയോളം കുറച്ചാണ് വ്യാപാരികൾ കർഷകർക്ക് നൽകുന്നത്. നേരത്തെ, ബോര്‍ഡ് വിലയും വ്യാപാരി വിലയും തമ്മില്‍ രണ്ടു രൂപയുടെ വ്യത്യാസമേഉണ്ടായിരുന്നുള്ളൂ. തൊഴില്‍ക്കൂലി, വൈദ്യുതി, ഗതാഗതം എന്നിവയിലെ ചെലവ് വര്‍ധനയാണ് അഞ്ചു രൂപയുടെ വ്യത്യാസത്തിന് അടിസ്ഥാനമായി വ്യാപാരികള്‍ പറയുന്നത്. എന്നാൽ, ഇത് ചൂഷണമാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.