നാലുതോടിലെ തടിപ്പാലം അപകടാവസ്ഥയിൽ; യാത്രാദുരിതത്തില്‍ പ്രദേശവാസികള്‍
text_fieldsകോട്ടയം: നാലുതോട്-തൊള്ളായിരം പുറംബണ്ടുകളെ ബന്ധിപ്പിക്കുന്ന തടിപ്പാലം കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. അയ്മനം പരിപ്പ് 18ാം വാര്‍ഡിലെ നാലുതോട് ഭാഗത്ത് സ്ഥിതിചെയ്യുന്ന തടിപ്പാലമാണ് അപകാടാവസ്ഥയിലായത്.
നാലുതോടിനെയും 20ാം വാര്‍ഡായ തൊള്ളായിരം വാര്‍ഡിനെയും ബന്ധിപ്പിക്കുന്ന ഏക തടിപ്പാലമാണിത്. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരക്കാരാണ് നാലുതോടിലെ താമസക്കാര്‍. നാലുതോടില്‍ മെച്ചപ്പെട്ട വഴികളോ പാലമോ ഇല്ല.
പാലമില്ലാത്തതിനെ തുടര്‍ന്ന് മറുകര കടക്കാന്‍ വള്ളത്തെയാണ് ഇവർ ആശ്രയിക്കുന്നത്. ഇവരിൽ പലർക്കും സ്വന്തമായി വള്ളംപോലും ഇല്ല. പലരും മറുകരയെത്തണമെങ്കിൽ അടുത്ത വീടുകളിലെ വള്ളത്തെ ആശ്രയിക്കണം.
വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മാതാപിതാക്കളെ രോഗം മൂർഛിച്ച് വള്ളത്തിൽ കയറ്റി ആശുപത്രിയിൽ എത്തുക്കുമ്പേഴേക്കും മരണം സംഭവിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മത്സ്യഫെഡിന്‍റെ വഴി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വീട്ടിലുള്ള പുരുഷന്മാരും മുതിര്‍ന്നവരും ജോലിക്കുപോകുമ്പോള്‍ അക്കരെയിക്കരെയിറങ്ങാന്‍ സാധിക്കാതെ കുട്ടികളുടെ അധ്യയനദിവസം പലപ്പോഴും നഷ്ടപ്പെടുന്ന അവസ്ഥയാണ്. മാത്രമല്ല, നാലുതോടിലെ പുറംബണ്ടില്‍ താമസിക്കുന്ന 30ഓളം കുടുംബങ്ങള്‍ക്ക് പുറംലോകത്തേക്ക് എത്തണമെങ്കില്‍ തൊള്ളായിരത്തിലെത്തണം.
അല്ലെങ്കില്‍ ഒരടി മാത്രമുള്ള പുറംബണ്ടിലൂടെ രണ്ടര കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ ഗതാഗതയോഗ്യമായ പരിപ്പ് റോഡില്‍ എത്താന്‍ സാധിക്കൂ. ഇതോടെ നാലുതോടിനെയും തൊള്ളായിരം പുറംബണ്ടുകളെ ബന്ധിപ്പിക്കുന്ന പാലം പ്രദേശവാസികളുടെ ആവശ്യമായിത്തീര്‍ന്നു.
പാലം സംബന്ധിച്ച് കാലാകാലങ്ങളായിവരുന്ന ഗ്രാമസഭകളിലും പഞ്ചായത്തുകളിലും പ്രദേശവാസികള്‍ സ്ഥിരമായി അപേക്ഷ നൽകുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇവിടെ പാലം നിർമിക്കാൻ തുക അനുവദിച്ചെങ്കിലും പുറംബണ്ടായതിനാലും അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ പാലത്തിന്‍റെ നിർമാണത്തിന് ചെലവാകുമെന്നതിനാലും അത് മുടങ്ങിപ്പോവുകയായിരുന്നു.
ഇതോടെ അധികൃതർ ഒരു തീരുമാനവും എടുക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് 18-20 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ച് കവുങ്ങിന്‍ തടികളാല്‍ സ്വയം പാലം നിർമിച്ചു. എന്നാല്‍, മഴക്കാലത്തെത്തുടര്‍ന്ന് പാലം പൊട്ടിപ്പൊളിഞ്ഞ് അവസ്ഥ വളരെ ശോച്യമാണ്.
ഇപ്പോൾ ഈ പാലത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കാത്ത നിലയിലാണ്. നാലുതോട്-തൊള്ളായിരം ബണ്ടുകളെ ബന്ധിപ്പിക്കുന്ന ഉറപ്പുള്ള പാലം നിർമിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.