മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
text_fieldsകോട്ടയം: ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കോട്ടയം നഗരമധ്യത്തിൽനിന്ന് യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം മർദിച്ചു. സംഭവത്തിൽ ഗുണ്ട ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. കേസിലെ ഒന്നാം പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. പനച്ചിക്കാട് കൊല്ലാട് ബോട്ട്ജെട്ടി കവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷാണ് (40) അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയും കാപ്പ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ ഷംനാസ് ഒളിവിലാണ്. തന്നെ ഒറ്റിയതായി ആരോപിച്ച് ദിലീപിനെയാണ് ഷംനാസും സംഘവും തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷംനാസിനെ മറ്റൊരു കേസിൽ, നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് പൊലീസ് ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. ഇതോടെ ഇയാൾ ആറുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഇതിനുശേഷം എല്ലാ ശനിയാഴ്ചയും കോട്ടയം ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണം എന്ന വ്യവസ്ഥയിലാണ് ജാമ്യത്തിലിറങ്ങിയത്.
തുടർന്ന് പുറത്തിറങ്ങിയ ഇയാൾ, അന്ന് കേസിൽ തന്നെ ഒറ്റിയ ആളാെണന്ന് സംശയിച്ച് ദിലീപിനെ ആക്രമിക്കുകയായിരുന്നു.
ഷംനാസും രതീഷും ചേർന്ന് ഓട്ടോയിൽ എത്തിയാണ് ദിലീപിനെ തട്ടിക്കൊണ്ടു പോയത്. രണ്ടു മണിക്കൂറോളം ഇയാളെ രഹസ്യകേന്ദ്രത്തിൽ ഇരുവരും മർദിച്ചു. ആറു മാസം ജയിലിൽ കിടന്നതിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിനെ മർദിച്ചത്. അക്രമിസംഘത്തിൽനിന്ന് രക്ഷപ്പെട്ട ദിലീപ് പൊലീസിൽ പരാതി നൽകി. ഈസ്റ്റ് എസ്.ഐ അനീഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷംനാസിെൻറ ജാമ്യവ്യവസ്ഥ റദ്ദുചെയ്യാനും കാപ്പ ചുമത്താനും നടപടി ആരംഭിച്ചതായും ഈസ്റ്റ് എസ്.എച്ച്.ഒ റെജോ പി. ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.