ഓൺലൈൻ പഠന സൗകര്യമില്ലാതെ കോട്ടയം ജില്ലയിൽ 14,834 വിദ്യാര്‍ഥികള്‍
text_fieldsകോട്ടയം: ഒന്നാംക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ളവരിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ ജില്ലയിൽ 14,834 വിദ്യാര്‍ഥികള്‍. ഇതിൽ പട്ടികവര്‍ഗ വിഭാഗക്കാരും ഉൾപ്പെടും.
ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. പഠനോപകരണങ്ങള്‍ ലഭിക്കാനുള്ള വിദ്യാര്‍ഥികളുടെ കണക്ക് ഒരുവട്ടംകൂടി പരിശോധിച്ച് കൃത്യമാണോയെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഇതിന് എ.ഇ.ഒമാര്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാര്‍, അതത് വാര്‍ഡ് അംഗങ്ങള്‍, ഹെഡ്മാസ്റ്റര്മാര്, പി.ടി.എ പ്രസിഡൻറുമാര്‍ എന്നിവരുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാനും ധാരണയായി.
നിലവില്‍ ഒരുവീട്ടില്‍ ഒരു ഫോണ്‍ ഉപയോഗിച്ച് പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരില്‍ എല്ലാവര്ക്കും പഠനോപകരണങ്ങള്‍ നല്‍കണം.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിെൻറ പേരില്‍ ജില്ലയില്‍ ഒരു വിദ്യാര്‍ഥിയുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.എന്‍. വാസവന് നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുന്‍കൈയെടുത്ത് ഇതിനോടകം നിരവധി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിെൻറ വിദ്യാതരംഗിണി വായ്പ പദ്ധതിയില്‍ ജില്ലയില്‍ 2.5 കോടിയോളം നല്കി.
എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പൊതു പഠന കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പുനഃപരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിക്കണം. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എമാരുടെ സഹകരണവും തേടാം. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണം.
അനുമതി ലഭിക്കുന്നപക്ഷം ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നത് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ജില്ല പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാന പദ്ധതികളുടെ സാധ്യത ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പരിശോധിക്കണം. സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം ജിനു പുന്നൂസ്, ഗ്രാമപഞ്ചായത്ത് അസോ. സെക്രട്ടറി അജയന് കെ.മേനോന്, ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രസീദ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുജയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ കെ.ജെ. പ്രസാദ്, എസ്.എസ്.കെ ജില്ല പ്രോജക്റ്റ് കോഓഡിനേറ്റര്‍ മാണി ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.