പ്രദേശത്ത് പൊലീസ് പട്രോളിങ് ഇല്ല; ലഹരിയുടെ പിടിയിലമർന്ന് പടിഞ്ഞാറൻ മേഖല
text_fieldsകോട്ടയം: സാമൂഹിക വിരുദ്ധരുടെയും ലഹരിമാഫിയയുടെയും അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടി പടിഞ്ഞാറൻമേഖല. ബൈക്കുകളിൽ കൂട്ടമായെത്തുന്ന യുവാക്കളുടെ മത്സരപ്പാച്ചിലും ഇവിടെ നിത്യസംഭവമാണ്. പരിപ്പ് റോഡിൽ അടുത്തകാലത്തായി അമിതവേഗത്തിലുള്ള ബൈക്കുകളുടെ പാച്ചിൽ സാധാരണമാണ്. കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിലൂടെയുള്ള മത്സരപ്പാച്ചിൽ ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഒളശ്ശ പരിപ്പ് പാലത്തിന് സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് പെട്ടി ഓട്ടോയിൽ ഇടിച്ച് സ്കൂൾ കുട്ടികളുമായി പോയ പാസഞ്ചർ ഓട്ടോയിലും ഇടിക്കുകയും ഈ ഓട്ടോ മറിഞ്ഞ് ഒരു കുട്ടിയുടെ കൈക്ക് ഒടിവും ഓട്ടോ ഡ്രൈവർക്ക് തലക്ക് പരിക്കും സംഭവിച്ചു. പെട്ടി ഓട്ടോ ഡ്രൈവർ നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ബൈക്ക് ഒടിച്ചയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
ഒഴിഞ്ഞയിടങ്ങളിൽ ലഹരി കൈമാറ്റം വ്യാപകം
പടിഞ്ഞാറൻമേഖലയിലെ ആളുകളുടെ ശ്രദ്ധ അധികം പതിയാത്തതും ആളൊഴിഞ്ഞ ഇടങ്ങളുമാണ് യുവാക്കൾ ഉൾപ്പെടുന്ന സംഘം ലഹരി കൈമാറ്റത്തിന് തെരഞ്ഞെടുക്കുന്നത്. രാത്രിയുടെ മറവിലാണ് ലഹരിസംഘം സജീവമാകുന്നത്. തെരുവുവിളക്കുകൾ പ്രവർത്തിക്കാത്ത കവലകളിലും ഗ്രൗണ്ടുകളിലും പുഴകളുടെയും കുളപ്പുരകളും ലഹരിസംഘങ്ങളുടെ വിഹാരകേന്ദ്രമാണ്.
ചെങ്ങളം കുന്നുംപുറത്ത് പഴയ മെറീന തിയറ്ററിന് സമീപം കഞ്ചാവും മറ്റ് ലഹരികളും ഉപയോഗിച്ചശേഷം യുവാക്കൾ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത് നിത്യസംഭവമാണ്.
അമിതവേഗത്തിൽ ബൈക്കുകളിൽ കൂട്ടമായെത്തുന്ന യുവാക്കൾ ഉൾപ്പെടുന്ന സംഘം മേഖലയിൽ ഭീതി സൃഷ്ടിക്കുകയും ലഹരി കൈമാറി അതിവേഗം മറയുകയുമാണ് പതിവ്. ഇല്ലിക്കൽ കവല, തിരുവാർപ്പ്, ചെങ്ങളം തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും ലഹരിസംഘത്തിന്റെയും അഴിഞ്ഞാട്ടത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
പൊതുജനത്തിന് ഭീഷണി
കൂട്ടമായെത്തുന്ന ലഹരിസംഘത്തിനെതിരെ പ്രതികരിക്കാനോ പരാതിനൽകാനോ ഭയപ്പെടുകയാണ് സാധാരണക്കാർ. ലഹരി ഉപഭോക്താക്കളുടെ ശല്യത്തിൽ രാത്രി ഉറങ്ങാൻ സാധിക്കാതെ വലയുകയാണ് പടിഞ്ഞാറൻ മേഖലയിലെ നിവാസികൾ. ചെങ്ങളം, ഇല്ലിക്കൽ കല്ല്, തിരുവാർപ്പ്, പരിപ്പ്, അയ്മനം തുടങ്ങിയ പ്രദേശങ്ങളിലാണ് ലഹരിസംഘങ്ങളുടെ വിളയാട്ടം.
ഏതാനും ദിവസം മുമ്പ് തിരുവാർപ്പ് പഞ്ചായത്തിന്റെ പ്രദേശത്ത് രണ്ട് സംഘം തമ്മിൽ സംഘർഷം നടന്നിരുന്നു. അർധരാത്രി കഴിയുമ്പോൾ വീടുകളുടെ കാളിങ് ബെല്ലുകൾ അടിക്കുക, വാതിലിൽ തട്ടി ശബ്ദമുണ്ടാക്കുക, അസഭ്യവർഷം നടത്തുക തുടങ്ങി ജനങ്ങളുടെ സ്വകാര്യതയെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കുകയാണ് ഇത്തരക്കാർ.
ലഹരിസംഘങ്ങൾ തമ്മിലെ സംഘർഷവും ഇവർക്കെതിരെ പരാതിപ്പെടുന്നവർക്കെതിയുള്ള അതിക്രമവും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. പ്രദേശത്ത് ആവശ്യമായ രീതിയിൽ പൊലീസ് പട്രോളിങ് നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ലഹരിസംഘങ്ങളുടെ അതിക്രമത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.