മരുന്നുകൾ വാങ്ങിക്കൂട്ടി, വാക്സിനിലും തിരിമറി മൃഗാശുപത്രികളിൽ നടക്കുന്നത് വ്യാപക ക്രമക്കേട്
text_fieldsകോട്ടയം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ‘ഓപറേഷൻ വെറ്റ് സ്കാൻ’ മിന്നൽ പരിശോധനയിൽ ജില്ലയിൽ കണ്ടെത്തിയത് വ്യാപകക്രമക്കേടും തിരിമറിയും. ജില്ലയിലെ അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. മരുന്നുകൾ വാങ്ങിക്കൂട്ടി ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും മുറികളിൽ സൂക്ഷിച്ചിരിക്കുന്നതായും വാക്സിനുകളുടെ കാര്യത്തിൽ വൻതിരിമറി നടക്കുന്നതായുമുള്ള തെളിവുകളും ലഭിച്ചു. പലയിടങ്ങളിലും രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്നും കാൽനൂറ്റാണ്ടായി പോസ്റ്റ്മോർട്ടം നടപടികൾ ചിലയിടങ്ങളിൽ നടക്കുന്നില്ലെന്നും നടന്നാൽപോലും അതിന്റെ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയവിലയ്ക്ക് മൃഗാശുപത്രികൾ മുഖേന വിൽക്കുന്നതായും ചില ഡോക്ടർമാർ ഡ്യൂട്ടിസമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി. ചില ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും പരിശോധനയിൽ തെളിഞ്ഞു.
മിക്ക മൃഗാശുപത്രികളിലും മരുന്നുകൾ സ്റ്റോക്ക് രജിസ്റ്റർ പ്രകാരമല്ല സൂക്ഷിക്കുന്നതെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കുന്നതായും പുറത്ത് നിന്നും മരുന്ന് വാങ്ങി ആശുപത്രികൾ വഴി വിൽക്കുന്നതായും പല മൃഗാശുപത്രികളിലും മരുന്ന് വിതരണത്തിനായും മറ്റും സൂക്ഷിക്കേണ്ട മരുന്ന് വിതരണ, വാക്സിനേഷൻ രജിസ്റ്ററുകൾ തുടങ്ങിയവയിൽ ഉപഭോക്താക്കളുടെ മേൽവിലാസമോ വിശദവിവരങ്ങളോ എഴുതുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പാലാ പോളി ക്ലീനിക്കിൽ ഡോക്ടറുടെയും മറ്റ് ഉദ്ദ്യോഗസ്ഥരുടെയും മുറികളിൽ സ്വകാര്യ ഫാർമസികളിൽ നിന്നും വാങ്ങിയ മരുന്നുകളും സാമ്പിൾ മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.കാണക്കാരി, മേൽമുറി, പാല പോളി ക്ലീനിക്ക് മൃഗാശുപത്രികളിൽ സ്റ്റോക്ക് രജിസ്റ്റർ പ്രകാരമല്ലാതെ പല മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. മേൽമുറിയിൽ പോസ്റ്റുമോർട്ടം രജിസ്റ്ററിൽ 1999 ഒക്ടോബറിന് ശേഷം യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. കാണക്കാരിയിൽ വാക്സിനേഷൻ രജിസ്റ്ററും വാക്സിനേഷൽ സ്റ്റോക്ക് രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതായും കണ്ടെത്തി. ഇത് വാക്സിൻ തട്ടിപ്പ് നടത്താനാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്. മുളക്കുളം, കാണക്കാരി എന്നിവിടങ്ങളിൽ ചില ഉദ്യോഗസ്ഥർ യഥാവിധി ലീവ് വാങ്ങാതെയും ഹാജർ രേഖപ്പെടുത്താതെയും മൂവ്മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്താതെയും പുറത്ത്പോകുന്നതായി പരിശോധനയിൽ കണ്ടെത്തി.പാലാ പോളി ക്ലീനിക്ക് ഉൾപ്പെടെ ചിലയിടങ്ങളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നതായും മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.