മഴക്കാലം മുതലെടുക്കാൻ മോഷ്ടാക്കൾ; ജാഗ്രത നിർദേശവുമായി പൊലീസ്
text_fieldsകോട്ടയം: മഴക്കാലം ആരംഭിച്ചതോടെ മോഷണം തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി ജില്ല പൊലീസ്. കള്ളന്മാര് കൂട്ടത്തോടെ നാട്ടിലിറങ്ങാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
മഴക്കാലത്ത് റോഡുകളില്‍ നേരത്തെ തിരക്കൊഴിയുന്നതും വീട്ടുകാർ നേരത്തേ ഉറങ്ങുന്നതും വൈകി എഴുന്നേല്ക്കുന്നതും കള്ളന്മാര് മുതലാക്കുമെന്നാണ് പൊലീസ് ഓർമപ്പെടുത്തുന്നത്. മോഷ്ടാക്കളുടെ ഇഷ്ടനേരമായ പുലര്‍ച്ചെ രണ്ടുമുതല്‍ നാലു വരെ ചുറ്റും എന്തുനടന്നാലും കാണാന്‍ ആളുണ്ടാകില്ല.
വാഹന മോഷ്ടാക്കളും ഇത് മുതലെടുക്കാറുണ്ട്. പള്ളികളുടെയും അമ്പലങ്ങളുടെയും കാണിക്കവഞ്ചി തകര്‍ക്കുന്ന സംഭവം മഴക്കാലത്ത് പതിവാണ്. ശബ്ദം പുറത്തുകേള്ക്കില്ലെന്നതാണ് ഇതിനുകാരണം.
മഴക്കാലം ലക്ഷ്യമാക്കി തമിഴ്നാട്ടിലെ തിരുട്ടുസംഘങ്ങള്‍ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മോഷണസംഘങ്ങള്‍ ജില്ലയിലെത്തിയേക്കാമെന്ന മുന്നറിയിപ്പും പൊലീസ് നല്കുന്നു. മോഷണം നടത്തി ആവശ്യത്തിനു പണം കിട്ടുമ്പോള്‍ നാട്ടിലേക്ക് മടങ്ങുകയാണ് ചില സംഘങ്ങളുടെ പതിവ്. മോഷണവും കവര്‍ച്ചയും തടയുന്നതിനായി പൊലീസ് സുരക്ഷ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
നിർദേശങ്ങൾ ഇങ്ങനെ
- രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്, പൈപ്പിലെ വെള്ളം തുറന്നുവിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അയൽവാസികളെ അറിയിക്കണം. രാത്രിയിൽ ആണെങ്കിൽ വീടിന് പുറത്തുള്ള ലൈറ്റുകള്‍ ഇടണം.
- വീട് പൂട്ടി പുറത്തുപോകുമ്പോൾ അക്കാര്യം അയൽക്കാരെ അറിയിക്കണം. കൂടുതൽ ദിവസം വീടുപൂട്ടി പോകുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കാം. പൊലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പൊലീസ് നിരീക്ഷണം ഉറപ്പ് വരുത്താം.
- കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളിൽ ദിനം പ്രതി ലഭിക്കുന്ന പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നിർദ്ദേശിക്കണം. ലാൻഡ് ഫോൺ താൽക്കാലികമായി ഡിസ്കണക്ട് ചെയ്യണം.
- വീട്ടില്‍ ആളില്ലാത്ത പകൽ സമയങ്ങളിൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- രാത്രിയിൽ പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണക്കുന്നതിനും പത്രം, പാൽ, തപാൽ ഉരുപ്പടികൾ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവെക്കുന്നതിനും വിശ്വസ്തരെ ഏൽപ്പിക്കുക.
- രാത്രിയിൽ വീടിന്റെ കതകുകളും ജനലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക. കടകളുടെയും വീടുകളുടെയും വരാന്തകളിൽ മഴകാരണം കയറിനിൽക്കുന്ന അപരിചിതരായ ആളുകളുടെ ചലനം ജാഗ്രതയോടെ നിരീക്ഷിക്കണം.
- വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തെത്തുന്ന ഭിക്ഷക്കാർ, കച്ചവടക്കാർ, ആക്രി പെറുക്കുകാർ, നാടോടികൾ എന്നിവരുമായി വീടിന്റെ വാതിൽ തുറന്ന് വെളിയിലിറങ്ങി ആശയവിനിമയം നടത്താതിരിക്കുക.
- വീടിന്റെ പുറത്തേക്കുള്ള വാതിലുകൾ ഇരുമ്പ് പട്ടകൾ ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്.
- കമ്പിപ്പാര, പിക്കാസ് എന്നിവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.
- സി.സി.ടി.വി ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ നിന്നും വീട്ടുകാർ പുറത്തേക്ക് പോകുന്ന സമയം സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ഏമർജൻസി നമ്പരായ 112 അടക്കം പൊലീസിന്റെ ഫോൺ നമ്പരുകൾ സൂക്ഷിച്ചുവെക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.