തിരുനക്കര ബസ്സ്റ്റാൻഡ്; 690 ക്യുബിക് മീറ്റർ മണ്ണെടുത്തതായി കണ്ടെത്തി
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിൽ നിന്ന് കരാറുകാരൻ മണ്ണെടുത്തെന്ന ആരോപണത്തെതുടർന്ന് നഗരസഭ അധികൃതർ പരിശോധന നടത്തി. 690 ക്യുബിക് മീറ്റർ മണ്ണെടുത്തതായാണ് പരിശോധനയിൽ വ്യക്തമായത്.
എന്നാൽ കഴിഞ്ഞ കൗൺസിലിൽ എൻജിനീയറിങ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ 447 ക്യുബിക് മീറ്റർ മണ്ണെടുത്തെന്നാണ് കാണിച്ചിരുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മൂന്നുദിവസത്തിനകം കൗൺസിലിനു നൽകും. സ്റ്റാൻഡിലെ മണ്ണെടുത്ത് ആ ഭാഗത്ത് കെട്ടിടം പൊളിച്ചതിന്റെ മാലിന്യം നിറച്ചെന്നാണ് ആരോപണം.
പിക്കാക്സ് ഉപയോഗിച്ച് മണ്ണ് കുഴിച്ചുനോക്കിയാണ് അളവെടുത്തത്. ബസ് ബേയുടെ മീഡിയൻ പൊളിച്ചെടുത്തതായി കഴിഞ്ഞ ദിവസം കൗൺസിലിൽ ആരോപണമുയർന്നിരുന്നു.
എന്നാൽ ഇത് കരാറിലുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. കരാർ കണ്ടിട്ടില്ലെന്നാണ് കൗൺസിലർമാർ പറയുന്നത്. നിലവിൽ കരാറുകാരൻ പണി നിർത്തിവെച്ചിരിക്കുകയാണ്. കുറച്ച് ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കാനുണ്ടെങ്കിലും നഗരസഭയുടെ അനുമതിയില്ലാതെ ഇനി ഇത് നീക്കാനാവില്ല.
ബസ് സ്റ്റാൻഡ് കയ്യേറിയെന്ന് ആരോപണമുള്ള ഭാഗവും സംഘം സന്ദർശിച്ചു. ബസ് സ്റ്റാൻഡ് അളന്നുതിരിക്കാനാണ് നഗരസഭയുടെ ഉദ്ദേശം. സെക്രട്ടറി ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗമാണ് പരിശോധന നടത്തിയത്.
ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ, കൗൺസിലർമാരായ എം.പി. സന്തോഷ്കുമാർ, സാബു മാത്യു, ടി.സി. റോയി, വിനു ആർ. മോഹൻ, അനിൽകുമാർ, കെ. ശങ്കരൻ, എബി കുന്നേൽപറമ്പിൽ, ടി.എൻ. മനോജ് തുടങ്ങിയവരും സംബന്ധിച്ചു. കരാറുകാരനും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.