തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം: ഇന്ന് കരാർ ഒപ്പിടും; അടുത്തയാഴ്ച പൊളിച്ചുതുടങ്ങും
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികൾ ബുധനാഴ്ചയോടെ തുടങ്ങും. ഇതിനുള്ള അന്തിമ കരാർ വെള്ളിയാഴ്ച ഒപ്പിടും. വൈകീട്ട് മൂന്നിന് നഗരസഭയിൽ കരാറുകാരുമായി നടത്തുന്ന ചർച്ചക്കുശേഷമാകും കരാർ ഒപ്പിടുക. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾകൂടി പുതുതായി കരാറിൽ ഉൾപ്പെടുത്തും. നേത്തേ കരാർ ഒപ്പിട്ട് മൂന്നുമാസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുനീക്കണമെന്നായിരുന്നു നിബന്ധന. രാത്രിയിൽ മാത്രമേ കെട്ടിടം പൊളിക്കാവൂവെന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ, പൊളിക്കൽ നടപടി 45 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്ന് രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യോഗത്തിൽ കലക്ടർ നിര്‍ദേശിച്ചിരുന്നു. ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കണം. 24 മണിക്കൂറും പൊളിക്കൽ നടപടികൾ നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയും നഗരത്തിലെ ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് സമയപരിധി കുറച്ചത്. മണ്ഡല-മകരവിളക്ക് കാലത്ത് നിരവധി മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തീര്‍ഥാടകർ എത്തുന്നതുകൂടി കണക്കിലെടുത്താണ് പൊളിക്കൽ ജോലികൾ ഒക്ടോബർ 15നു മുമ്പ് പൂര്‍ത്തീകരിക്കണമെന്ന കർശന നിർദേശം ജില്ല ഭരണകൂടം നൽകിയത്. ഈ തീരുമാനങ്ങൾകൂടി ഉൾപ്പെടുത്തിയാകും കരാർ ഒപ്പിടുക. പുതിയ നിർദേശങ്ങളോട് കരാറുകാരന് കാര്യമായ ഏതിർപ്പില്ല. വെള്ളിയാഴ്ച കരാർ ഒപ്പിട്ടാലും ബുധനാഴ്ചയോടെ മാത്രമേ ജോലികൾ ആരംഭിക്കൂവെന്ന് കരാറെടുത്ത കൊല്ലം ആസ്ഥാനമായ ഏജൻസി അധികൃതർ പറഞ്ഞു. ഓണത്തിന് അവധിയെടുത്ത തൊഴിലാളികൾ അടുത്തയാഴ്ചയോടെ മാത്രമേ തിരിച്ചെത്തൂവെന്നും ബുധനാഴ്ചയോടെ പൊളിക്കൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു. 1.10 കോടി രൂപക്കാണ് ഇവർ കെട്ടിടം ലേലത്തിൽ പിടിച്ചത്.
ലേലത്തിനു പിന്നാലെ നഗരസഭ പണം കൈപ്പറ്റിയെങ്കിലും കരാർ ഒപ്പിടാത്തതിനാൽ പൊളിക്കൽ ജോലികൾ നീളുകയായിരുന്നു. നഗരസഭ സെക്രട്ടറി ഔദ്യോഗിക ആവശ്യത്തിന് ഡൽഹിയിൽ ആയിരുന്നതിനാലാണ് കരാർ ഒപ്പിടാൻ തടസ്സമായത്.
സെക്രട്ടറി എത്തിയെങ്കിലും തുടർച്ചയായ അവധിദിവസങ്ങൾ പ്രതിബന്ധമായി. ഇതിനൊടുവിലാണ് വെള്ളിയാഴ്ച കരാർ ഒപ്പിടാനുള്ള തീരുമാനം. പുതിയ നിർദേശമനുസരിച്ച് ബസ് സ്റ്റാൻഡിന്റെ ഉള്‍ഭാഗത്ത് ആര്യാസ് റസ്റ്റാറന്റിനോടു ചേര്‍ന്ന് വരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡില്‍ വരുന്ന കെട്ടിടവും പകല്‍ പൊളിക്കാൻ കരാറുകാരന് അനുമതി നൽകും.
എം.സി റോഡിൽ ഗാന്ധിസ്ക്വയർ-പോസ്റ്റ് ഓഫിസ് റോഡിൽ വരുന്ന കെട്ടിടങ്ങൾ രാത്രി 11നും പുലർച്ച അഞ്ചിനും ഇടക്കാവും പൊളിക്കുക. എം.സി റോഡിലും തിരുനക്കര ക്ഷേത്രം റോഡിലും വരുന്ന ഭാഗങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷ ഒരുക്കി വേണം പൊളിക്കാനെന്നും കരാറിൽ നിർദേശിക്കുന്നുണ്ട്.
പൊലീസ് നിർദേശിക്കുന്ന രീതിയിലുള്ള സുരക്ഷ ഒരുക്കി ജില്ല ഭരണകൂടത്തെ അറിയിച്ച ശേഷമേ പൊളിക്കൽ ആരംഭിക്കാവൂ എന്നും കലക്ടർ കോട്ടയം നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊളിച്ചു തുടങ്ങുന്നിനു മുമ്പ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി, ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. ജില്ല പൊലീസ് മേധാവി, ജില്ല ഫയർഫോഴ്സ് ഓഫിസർ എന്നിവരുടെ പ്രത്യേക നിരീക്ഷണവും ജോലികൾക്കുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.