തിരുനക്കര ബസ് കാത്തിരിപ്പുകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
text_fieldsകോട്ടയം: തിരുനക്കര സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം അവസാനഘട്ടത്തിൽ. ഇരിപ്പിടങ്ങളും വെളിച്ചവും ബോർഡും സ്ഥാപിക്കലാണ് ബാക്കിയുള്ളത്. സ്റ്റീൽ ഇരിപ്പിടങ്ങൾ തറയിൽ പിടിപ്പിക്കണം.
വൈദ്യുതി കണക്ഷൻ ഉള്ളതിനാൽ ബൾബുകളിട്ടാൽ വെളിച്ചവും തയാർ. രണ്ടുദിവസത്തിനകം പണി പൂർത്തിയാകുമെന്നും തുടർന്ന് യാത്രക്കാർക്ക് തുറന്നു കൊടുക്കാനാവുമെന്നുമാണ് കരുതുന്നത്. ഇതോടെ യാത്രക്കാരുടെ പരാതികൾക്ക് പരിഹാരമാവും. കഴിഞ്ഞ മാസം 24നാണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയത്. ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. സ്ഥിരം സംവിധാനം വരുന്നതുവരെയാണ് താൽക്കാലിക കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രവർത്തനം. നഗരത്തിലെ സ്വർണ വ്യാപാരിയാണ് കാത്തിരിപ്പുകേന്ദ്രം സ്പോൺസർ ചെയ്യുന്നത്.
11 മാസത്തേക്കാണ് കരാർ. സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായാണ് സ്റ്റാൻഡ് ഇവിടെനിന്ന് മാറ്റിയത്. തുടർന്ന് സ്റ്റാൻഡിന് പുറത്താണ് ബസ് നിർത്തിയിരുന്നത്. യഥാസ്ഥലങ്ങളിൽ ബസ് നിർത്താത്തതിനാൽ യാത്രക്കാർ ഓട്ടപ്പാച്ചിലിലായിരുന്നു. വ്യാപക പ്രതിഷേധത്തെതുടർന്ന് ലീഗൽ സർവിസ് അതോറിറ്റി ഇടപെടുകയും സ്റ്റാൻഡിൽ കയറാൻ ബസുകൾക്ക് നിർദേശം നൽകുകയും ചെയ്തു.
ബസ് കയറാൻ തുടങ്ങിയതോടെ കടകളുടെ തണൽപോലുമില്ലാതെ യാത്രക്കാർ പൊരിവെയിലത്ത് കാത്തുനിൽക്കേണ്ടിവന്നു. വീണ്ടും ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടതോടെയാണ് കാത്തിരിപ്പുകേന്ദ്രം നിർമാണത്തിന്റെ നടപടികൾ വേഗത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.