തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ; കോട്ടയം ജില്ലയിലെ 12 വില്ലേജിൽനിന്ന് സ്ഥലമേറ്റെടുക്കൽ
text_fieldsകോട്ടയം: എം.സി റോഡിന് സമാന്തരമായി നിർമിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് ജില്ലയിലെ 12 വില്ലേജിൽനിന്ന് സ്ഥലമേറ്റെടുക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത്, മീനച്ചില്‍ താലൂക്കിലെ ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍, രാമപുരം, കടനാട് എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.
നിലവിൽ ഹൈവേയുടെ രൂപരേഖയും മറ്റ് വിവരങ്ങളും ദേശീയപാത സ്ഥലമെടുപ്പ് വിഭാഗത്തിന്റെ പരിഗണനയിലാണ്. ഇവരുടെ പരിശോധക്കുശേഷം വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെയാകും സ്ഥലമെടുപ്പ് നടപടികളിലേക്ക് കടക്കുക. അന്തിമ വിജ്ഞാപാനത്തിൽ പാത കടന്നുപോകുന്ന ചില വില്ലേജുകൾക്ക് മാറ്റംവരാൻ സാധ്യതയുണ്ടെന്നും ദേശീയപാത അധികൃതർ അറിയിച്ചു. തിരുവനന്തപുരം പുളിമാത്തില്‍ ആരംഭിച്ച് കല്ലറ, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ വഴി അങ്കമാലിയിലെത്തുന്നതാണ് നിർദിഷ്ട തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേ. 257 കിലോമീറ്ററില്‍ ആറുജില്ലകളിലെ 13 താലൂക്കുകളിലൂടെ കടന്നുപോകുന്ന പാതക്ക് 45 മീറ്ററാണ് വീതിയാണ് ലക്ഷ്യമിടുന്നത്.
തീര്‍ഥാടന, വിനോദസഞ്ചാര മേഖലകളുടെ വികസനം പരിഗണിച്ചാണ് എം.സി റോഡിന് സമാന്തരമായി പുതിയ ദേശീയപാത നിർമിക്കാൻ നാഷനല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്. നിലവിലുള്ള എം.സി റോഡ് നാലുവരിയായി വികസിപ്പിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിത്. കെട്ടിടങ്ങള്‍ക്കും ഭൂമിക്കും ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതിനാല്‍ അതൊഴിവാക്കി പുതിയ ആറുവരി ഹൈവേ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയും കടന്നുപോകുന്ന റോഡ് മലയോര മേഖലക്ക് വലിയ നേട്ടമാകുമെന്നാണ് പൊതുമാരമത്ത് വകുപ്പിന്റെ വിലയിരുത്തൽ. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി വഴിയാണ് പാത കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്. പത്തനാപുരം ഭാഗത്തുനിന്ന് നിലവിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ വകയാർ കൊല്ലൻപടിക്ക് സമീപം എത്തിച്ചേരും. തുടർന്ന് കോന്നി, ചെങ്ങറ, പുതുക്കുളം, തലച്ചിറ വഴി വടശ്ശേരിക്കരയിലും ചെറുകുളഞ്ഞി വഴി റാന്നിയിലുമെത്തും. തുടർന്ന് മന്ദമരുതി വഴി മക്കപ്പുഴ, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം വഴി തൊടുപുഴയിലേക്കെത്തും. അന്തിമ അലൈന്മെന്റില് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിൽ ചെറിയ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ പറഞ്ഞു. ഇതിനിടെ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കോട്ടയത്ത് ഓഫിസ് തുറന്നു. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടറുടെ ഓഫിസാണ് കോട്ടയം തിരുവാതുക്കലില്‍ തുറന്നത്. തിരുവനന്തപുരം പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു നേരത്തേ പദ്ധതിയുടെ പ്രാഥമിക സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. തുടർപ്രവർത്തനങ്ങൾ ഇനി കോട്ടയം ഓഫിസ് കേന്ദ്രീകരിച്ചാകും നടക്കുക. ഭോപാലിലെ ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റാണ് പദ്ധതിക്കായി സര്‍വേ നടത്തിയത്. റോഡിനായി 1000 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സ്ഥലമെടുപ്പ് ചെലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാറും 25 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. പദ്ധതിയുടെ ടോപ്പോഗ്രഫിക്കല്‍ സര്‍വേ അടക്കമുള്ളവ പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.