കോട്ടയത്ത് രണ്ടുമാസത്തിനിടെ 'ബാഗി'ലായത് 113 പാമ്പുകൾ
text_fieldsകോട്ടയം: പാമ്പുകളുടെ ഇണചേരൽ കാലമായതോടെ ഔദ്യോഗിക പാമ്പുപിടിത്തക്കാർക്ക് തിരക്കോട് തിരക്ക്. ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ പരിശീലനം നേടിയ ഇവർ ജില്ലയിൽനിന്ന് ഈമാസം ഇതുവരെ ഇവർ പിടികൂടിയത് 73 പാമ്പുകളെ.
ഡിസംബറിൽ 40 എണ്ണത്തെയും ഇവർ ബാഗിലായി. മൂർഖൻ പാമ്പുകളാണ് പിടികൂടിയതിലേറെയും. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയവർക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാൻ അനുമതി.
ഇതനുസരിച്ച് 42 പേരെയാണ് ജില്ലയിൽ വനംവകുപ്പ് പരിശീലനം നൽകി സജ്ജമാക്കിയിരിക്കുന്നത്. ഇവരാണ് ജില്ലയിലും പാമ്പുകളെ പിടികൂടാൻ രംഗത്തുള്ളത്.
മനുഷ്യവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം. പാമ്പുകളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപംനൽകിയ സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. ആപ്പിൽ പരിശീലനം നേടിയവരുടെ നമ്പറും പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഈ നമ്പറിൽ ഇവരുമായി ബന്ധപ്പെടാം. വിവരം ലഭിക്കുന്നമുറക്ക് അടുത്തുള്ള പാമ്പുപിടിത്തക്കാരൻ സഹായത്തിനെത്തും. ഹുക്ക് ഉപയോഗിച്ചാണ് ഇവരുടെ പാമ്പുപിടിത്തം.
പിന്നീട് ഇതിനെ ബാഗുകളിലാക്കി വനംവകുപ്പിന് കൈമാറും. ഇവർ ഉൾവനങ്ങളിൽ ഇവയെ ഉപേക്ഷിക്കും.
പ്ലേ സ്റ്റോറിൽനിന്ന് 'സർപ്പ ആപ്'ലോഡ് ചെയ്ത് വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാലും റിപ്പോർട്ട് ചെയ്യാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ്ലോഡ് ചെയ്താലും മതി. പദ്ധതി നിലവിൽവന്നതിനുശേഷം ജില്ലയിൽ 200 ലധികം പാമ്പുകളെ ഇവർ പിടികൂടി ഉൾവനങ്ങളിൽ വിട്ടിരുന്നു.
വേണ്ടത്ര സുരക്ഷ മുൻകരുതലുകളില്ലാതെ പാമ്പുകളെ പിടികൂടുന്നവരുടെ എണ്ണം വർധിക്കുകയും പലരും ഇവയെ പ്രദർശിപ്പിക്കുന്നതും പതിവായതോടെയാണ് ലൈസൻസ് ഏർപ്പെടുത്തിയത്. പാമ്പുകളെ പിടികൂടി പ്രദർശിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്തഘട്ടമായി കൂടുതൽ സന്നദ്ധപ്രവർത്തകരെ ഇതിന്റെ ഭാഗമാക്കും.
ഇതിനായി 'സർപ്പ ആപ്പിൽ' സന്നദ്ധപ്രവർത്തകനാൻ അപേക്ഷിക്കാൻ അവസരമുണ്ട്. ഇവർക്ക് അടുത്തഘട്ടമായി പരിശീലനം നൽകും. അടുത്തിടെ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പുതിയ ബാച്ചിലെ സിവിൽ പൊലീസ് ഓഫിസർമാർക്ക് പാമ്പിനെ പിടികൂടാൻ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു.
പൂർണമായി സൗജന്യം
സന്നദ്ധസേവനമെന്ന നിലയിലാണ് പാമ്പുപിടിത്തം. ഇത് പൂർണമായും സൗജന്യമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്താണ് പാമ്പുകളുടെ ഇണചേരലും മുട്ടയിടലും. ഇക്കാലത്ത് കൂടുതൽ ശ്രദ്ധ കാട്ടണം. രാത്രിയിലടക്കം ശബ്ദം ഉണ്ടാക്കി നടക്കണം. കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങൾ വൃത്തിയാക്കണം. കൂടുതൽ സൂക്ഷ്മത പുലർത്തണം. പാമ്പുകളെ കണ്ടാൽ വനംവകുപ്പിന്റെ അനുമതിയോടെ പാമ്പുപിടിക്കുന്നവരെയാണ് അറിയിക്കേണ്ടത്. ഇവരെത്തി പാമ്പുകളെ പിടികൂടും. പാമ്പിനെ പിടികൂടിയശേഷം പ്രദർശിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്.
കെ.എ. അബീഷ്, 'സർപ്പ'ജില്ല കോഓഡിനേറ്റർ
ഇഴജന്തുക്കളെ കണ്ടാൽ വിളിക്കേണ്ട നമ്പർ:
ഫോറസ്റ്റ് ഡിവിഷൻ, കോട്ടയം- 9447979043
അബീഷ്, ഫോറസ്റ്റ് വാച്ചർ- 89432 49386
മുഹമ്മദ് ഷെബിൻ, സിവിൽ പൊലീസ് ഓഫിസർ,
കോട്ടയം- 984748252
നസീബ് പടിപ്പുര(സ്നേക്ക് ഹാൻഡലർ,
ഈരാറ്റുപേട്ട)-9744753660
മറ്റുള്ളവരുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.