തോമസ് ചാഴികാടനും തുഷാറും പത്രിക സമർപ്പിച്ചു
text_fieldsകോട്ടയം: കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ റോഡ് ഷോയായാണ് തോമസ് ചാഴികാടൻ പത്രികാസമർപ്പണത്തിനായി കലക്ടറേറ്റിലെത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് വരണാധികാരിയായ ജില്ല കലക്ടർക്ക് നൽകിയത്. മന്ത്രി വി.എൻ. വാസവൻ, കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി എം.പി, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ ഒപ്പമുണ്ടായിരുന്നു.
രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഭാര്യ ആനി തോമസിനൊപ്പമെത്തി കുർബാനയിൽ പങ്കെടുത്ത ചാഴികാടൻ മാതാപിതാക്കളുടെയും സഹോദരൻ ബാബു ചാഴികാടന്റെയും കബറിടങ്ങളിലെത്തി പ്രാർഥിക്കുകയും ചെയ്തു. പിന്നീട് പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിലെത്തി.
മാന്നാനം തീർഥാടന ദേവാലയത്തിലും ചാവറയച്ചന്റെ കബറിടത്തിലും പ്രാർഥിച്ചശേഷമാണ് കേരള കോൺഗ്രസ് എം ഓഫിസിലേക്കെത്തിയത്. തുടർന്ന് കെ.എം. മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ സ്ഥാനാർഥി റോഡ്ഷോയായി കലക്ടറേറ്റിലേക്ക് നീങ്ങി. തോമസ് ചാഴികാടനെ വിജയിപ്പിക്കുകയെന്ന ആഹ്വാനമെഴുതിയ ടീ ഷർട്ട് ധരിച്ചാണ് പല പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തത്.
എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻലാൽ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജില്ല പ്രസിഡന്റ് എം.പി. സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം എൻ.ഡി.എ ഓഫിസിൽ നിന്നും വാഹന റാലിയായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ഇതിനുമുമ്പായി തിരുനക്കര ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥി, ഇവിടെവെച്ചാണ് പത്രികയിൽ ഒപ്പിട്ടത്. Thomas Chazhikadan and Tushar submitted papersയു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വ്യാഴാഴ്ച രാവിലെ 11ന് പത്രിക സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.