ചാഴികാടനെ മുഖ്യമന്ത്രി അപമാനിച്ചത് സി.പി.എം താല്പര്യപ്രകാരം- തിരുവഞ്ചൂര്‍
text_fieldsകോട്ടയം: നവകേരള സദസ്സിനിടെ തോമസ് ചാഴിക്കാടൻ എം.പിയെ മുഖ്യമന്ത്രി അപമാനിച്ചത് യാദൃച്ഛികമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ.
സി.പി.എമ്മിന്റെ താല്പര്യപ്രകാരം ബോധപൂര്‍വമായ നീക്കമാണ് പാലായില്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് ചാഴികാടന് ശ്രമിച്ചത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ പരസ്യമായി അപമാനിതനായ തോമസ് ചാഴികാടന് എം.പിയെന്ന നിലയിലുളള പ്രത്യേക അവകാശം ഉപയോഗിച്ച് ലോകസഭ സ്പീക്കര്‍ക്ക് പരാതി നല്‍കണം. സ്പീക്കര്‍ക്ക് ചാഴികാടന് പരാതി നല്കിയാല് പിന്തുണയുമായി കോണ്‍ഗ്രസുണ്ടാകും. ആത്മാഭിമാനം പണയപ്പെടുത്തി ഇടതുമുന്നണിയില്‍ തുടരണമോയെന്ന് തോമസ് ചാഴികാടനും കേരള കോണ്‍ഗ്രസുമാണ് തീരുമാനിക്കേണ്ടത്.
കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നവകേരള സദസ്സുമായി പത്തനംതിട്ടയിലെത്തുന്ന മുഖ്യമന്ത്രി ശബരിമല സന്ദര്‍ശിക്കാന്‍ തയാറാകണം. മണ്ഡലങ്ങള്‍ തോറും സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയം പറയാന്‍ പോകുന്ന പിണറായിയും സംഘവും ആദ്യം പോകേണ്ടിയിരുന്നത് ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിലേക്കാണ്.
ഒമ്പത് വകുപ്പുകളുടെ ഏകോപനമാണ് ശബരിമലയില്‍ വേണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ സബ് കമ്മിറ്റിയുണ്ടാക്കിയാണ് തീർഥാടനം സുഗമമാക്കിയിരുന്നത്. മന്ത്രിമാരുമായി കറങ്ങുന്ന മുഖ്യമന്ത്രി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ബസില്‍ നിന്നും ഇറക്കിവിട്ട് ശബരിമലയിലെ തീർഥാടകരുടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുളള രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ്സില്‍ നടക്കുന്നത്. റബറിന് 250 രൂപയാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞത് സംബന്ധിച്ച് ഒമ്പത് ജില്ലകളിലെ പര്യടനം പൂര്‍ത്തീകരിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനെങ്കിലും തീരുമാനം എടുത്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.