അഡ്ഹോക് കമ്മിറ്റിയെ അനുസരിക്കാത്തവർ പുറത്ത് -കാസിം ഇരിക്കൂർ
text_fieldsകോട്ടയം: ഐ.എൻ.എൽ പിളർന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ദേശീയ നേതൃത്വം അംഗീകരിച്ച ഔദ്യോഗിക നേതൃത്വം കേരളത്തിലുണ്ട്.
അബ്ദുൽ വഹാബിനൊപ്പമുള്ളത് മതിൽ ചാടിപ്പോയവരും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടവരും മറ്റു പാർട്ടിയിൽനിന്ന് വന്നവരുമാണ്. അഡ്ഹോക് കമ്മിറ്റിയെ അനുസരിക്കാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഐ.എൻ.എൽ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ല കൺവെൻഷനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാസിം ഇരിക്കൂർ. നിലവിൽ പാർട്ടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റോ വർക്കിങ് കമ്മിറ്റിയോ ഇല്ല.
അഡ്ഹോക് കമ്മിറ്റിക്കാണ് ചുമതല. മാർച്ച് 31നുമുമ്പ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്ത് ചുമതലയേൽപിക്കുക എന്നതാണ് അഹമ്മദ് ദേവർകോവിൽ ചെയർമാനായ ഏഴംഗ കമ്മിറ്റിയുടെ ദൗത്യം. ജൂലൈ 25നാണ് പാർട്ടി അംഗത്വ കാമ്പയിൻ ആരംഭിച്ചത്. നടപടികൾ ഇഴഞ്ഞുപോയിരുന്നതിനാൽ ദേശീയനേതൃത്വം മൂന്നു തവണ സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചു.
മൂന്നാമത്തെ കത്ത് കാരണം കാണിക്കലായിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. 120 കൗൺസിൽ അംഗങ്ങളിൽ 110 പേരും 60ൽ 50 വർക്കിങ് കമ്മിറ്റി അംഗങ്ങളും തങ്ങൾക്കൊപ്പമുണ്ട്. ചെറിയ വിഭാഗം അപശബ്ദമുയർത്തിയാൽ അത് പാർട്ടിയെ ബാധിക്കില്ല. കോട്ടയം ജില്ല കമ്മിറ്റിയുടെ പിന്തുണ ദേശീയ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല കൺവെൻഷനിൽ ജില്ല പ്രസിഡന്റ് ജിയാഷ് കരീം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി റഫീഖ് പട്ടരു പറമ്പില്‍, നാഷനല്‍ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. പി.ജെ. നിയാസ്, കെ.എച്ച്. സിദ്ദീഖ്, ഡോ. കെ.കെ. ബേനസീര്‍, കുഞ്ഞുമോന് എബ്രഹാം, ഷൈല ആസാദ്, നൗഫല്‍ ഗഫൂര്‍, നിസാര്‍ ചക്കാലയില്‍, മാഹിന്‍ വൈക്കം, നവാസ് ചുടുകാടന്, കെ.ഇ. സുബൈര്‍, യൂസഫ് ഐഡിയല്‍, പി.ടി. ഷാജി, കുഞ്ഞുമുഹമ്മദ് നാലുപുറ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.