ത്രേസ്യാമ്മയുടെ പഠനം ഇനി കൊച്ചുമക്കൾക്കൊപ്പം; 69ാം വയസ്സിൽ ലക്ഷ്യമിടുന്നത് ബിരുദം
text_fieldsകോട്ടയം: 11 വർഷം മുമ്പ്, 58ാം വയസ്സിൽ ത്രേസ്യാമ്മ 10ാം ക്ലാസ് തുല്യത പരീക്ഷയെഴുതുന്നു എന്ന് കേട്ട ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരൽവെച്ചു. ഈ പ്രായത്തിൽ ഇനി സ്കൂളിലും പോകുന്നോ എന്ന്. എന്നാൽ, ജീവിതാനുഭവങ്ങളുടെ തഴക്കം കൈമുതലാക്കിയ ത്രേസ്യാമ്മ കുലുങ്ങിയില്ല.
അങ്ങനെ 10 മാത്രമല്ല, 2021ൽ 12ാം ക്ലാസും ജയിച്ചു. ഇനി ബിരുദമാണ് ലക്ഷ്യം. 69ാം വയസ്സിലെ ഈ സന്തോഷം ത്രേസ്യാമ്മക്ക് ചെറുതല്ല. വയസ്സുകാലത്തെ പഠനം മറ്റുള്ളവർക്ക് തമാശയായാണ് തോന്നിയതെങ്കിലും ത്രേസ്യാമ്മക്ക് അതൊരു സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. പ്രായവും പ്രാരബ്ധങ്ങളും തിരക്കുകളുമെല്ലാം ആ സ്വപ്നത്തിനുമുന്നിൽ വഴിമാറി.
പിതാവിെൻറ സ്വപ്നം
പിതാവ് ആൻഡ്രൂസിെൻറ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ത്രേസ്യാമ്മയെ വലിയ നിലയിൽ പഠിപ്പിക്കണമെന്ന്. അദ്ദേഹംതന്നെയാണ് മകളെ നിലത്തെഴുത്ത് പഠിപ്പിച്ചതും. സന്ധ്യക്ക് കൂലിപ്പണി കഴിഞ്ഞ് വീട്ടിൽ കയറിവരുേമ്പാൾ മകൾ പഠിക്കുന്നതു കാണണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ത്രേസ്യാമ്മ 10ാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ആൻഡ്രൂസ് രോഗബാധിതനാവുന്നത്. അതോടെ പിതാവിനെ ശുശ്രൂഷിക്കാൻ പഠിപ്പ് നിർത്തേണ്ടിവന്നു. തെന്ന പരിചരിക്കാൻ വേണ്ടിയാണ് പഠനം നിർത്തിയതെന്ന ചിന്ത അദ്ദേഹത്തെ മരണം വരെ പിന്തുടർന്നു.
പിതാവിെൻറ സ്വപ്നം സഫലമാക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. കോട്ടയത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയെങ്കിലും വിവാഹം കഴിഞ്ഞതോടെ മക്കളെ വളർത്താനും പഠിപ്പിക്കാനുമുള്ള തിരക്കായി. അപ്പോഴെല്ലാം പിതാവിെൻറ സ്വപ്നം കൂടെയുണ്ടായിരുന്നു. കിട്ടിയ സമയത്തെല്ലാം പൊതുവിജ്ഞാന സംബന്ധമായ പുസ്തകങ്ങൾ വായിച്ചു. പി.എസ്.സി വഴി കോട്ടയം മെഡിക്കൽ എജുക്കേഷനിൽ ഹോസ്റ്റൽ മേട്രണായി ഏഴുവർഷം ജോലി ചെയ്തു.
ഒറ്റക്ക് പൊരുതി
46ാം വയസ്സിലാണ് ഭർത്താവും ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറിയുമായിരുന്ന സി.പി. മർക്കസ് മരിച്ചത്. അന്നുമുതൽ മൂന്നു മക്കളുമായി ജീവിക്കാൻ നെട്ടോട്ടമോടുകയായിരുന്നു ത്രേസ്യാമ്മ. ആരുടെയും സഹായമില്ലാതെയാണ് അവരെ വളർത്തിയതും വിവാഹം കഴിപ്പിച്ചതും. മക്കളുടെ മക്കളെ പഠിപ്പിക്കുേമ്പാഴാണ് വീണ്ടും പഠിക്കാനുള്ള സമയം ഇതാണെന്നു തോന്നിയത്.പിന്നെ മടിച്ചില്ല. കൊച്ചുമക്കളായ അലൻ, നയന, ദിയ, നിയ, ജുവാൻ എന്നിവരെ പഠിപ്പിച്ചും സ്വയം പഠിച്ചും ഹയർ സെക്കൻഡറി വരെയെത്തി. കണക്കും ഇംഗ്ലീഷ് ഗ്രാമറുമാണ് ഇഷ്ടവിഷയം. ഇതിനിടെ, വിജയപുരം പള്ളിക്കുകീഴിൽ സേവനപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നു. ജില്ലയിൽനിന്ന് ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച ഏറ്റവും പ്രായം കൂടിയ പഠിതാവുമാണ് ത്രേസ്യാമ്മ.
മകൻ ദീപുവിനും മരുമകൾ ജിനിക്കുമൊപ്പം ഇല്ലിക്കലിനുസമീപം വാടകവീട്ടിലാണ് താമസം. സ്വന്തമായി വീടില്ലെന്നതാണ് ത്രേസ്യാമ്മയെ ഇപ്പോൾ അലട്ടുന്ന പ്രശ്നം. മകൻ തിരുവഞ്ചൂർ പമ്പ് ഹൗസിലെ താൽക്കാലിക ജീവനക്കാരനാണ്. ദീപ, ദീപ്തി എന്നിവരാണ് മറ്റുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.