മഴക്കൊപ്പം ഭീതി നിറച്ച് മിന്നൽ ചുഴലി
text_fieldsകോട്ടയം: കാലവർഷമഴക്കൊപ്പം വില്ലനായെത്തുന്ന മിന്നൽ ചുഴലി ജില്ലയിൽ വിതച്ചത് ലക്ഷങ്ങളുടെ നഷ്ടം. തുടർച്ചയായ മഴയെന്ന പതിവ് തെറ്റിച്ചാണ് കാലവർഷത്തിനൊപ്പം കാറ്റെത്തുന്നത്. മുമ്പെങ്ങും ഇത്തരത്തിൽ കാലവർഷമഴക്കൊപ്പം കാറ്റ് വൻനാശം വിതച്ചിരുന്നില്ലെന്ന് പഴമക്കാർ പറയുന്നു. കാലവര്‍ഷമഴയുടെ ഭാവമാറ്റം ജനങ്ങളിൽ ഭീതിയും നിറക്കുന്നുണ്ട്.
ചെറിയസമയത്ത് പെയ്യുന്ന അതിതീവ്രമഴക്കൊപ്പമാണ് കാറ്റ് നാശം വിതക്കുന്നത്. കാലവര്‍ഷത്തിനൊപ്പം ഇത്തരം പ്രാദേശിക മിന്നല്‍ചുഴലി വീശാനുള്ള കാരണത്തെക്കുറിച്ച് കാലാവസ്ഥ വകുപ്പിനും വ്യക്തമായ ഉത്തരമില്ല. മുമ്പൊക്കെ മലയോര മേഖലകളിലാണ് കാറ്റ് നാശം വിതച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലും ദുരന്തം വിതക്കുകയാണ്. അടുത്തിടെ കുമരകം, എരുമേലി, രാമപുരം മേഖലകളിൽ വീശിയടിച്ച കാറ്റ് വൻ നഷ്ടമാണ് വരുത്തിയത്. കുമരകത്തെ കാറ്റിൽ ഓട്ടോറിക്ഷ വെള്ളത്തിലേക്ക് മറിയുന്ന സ്ഥിതിയുണ്ടായി. വീടിന്റെ മേൽക്കൂര, മീറ്ററുകൾ ദൂരത്തേക്കാണ് പറന്നുവീണത്. എരുമേലി, രാമപുരം മേഖലകളിലുണ്ടായ കാറ്റിൽ വൻ മരങ്ങൾ അടക്കം കടപുഴകി വീണു. ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചു. നിരവധി വീടുകളുടെ മുകളിലേക്കും മരം വീണു. പോസ്റ്റുകൾ ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബിക്കും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കാർഷികമേഖലയിലുണ്ടായെന്നാണ് കൃഷിവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മാസങ്ങള്‍ക്ക് മുമ്പ് വൈക്കം മേഖലയിലും കാറ്റ് വലിയതോതിൽ നാശം വിതച്ചിരുന്നു.
ചെറിയ സമയത്തേക്ക് വീശുന്ന ഈ കാറ്റ് വൻ മരങ്ങളെ വരെ കടപുഴക്കാൻ ശക്തിയുള്ളതാണ്. കൂടുതൽ സമയം നീണ്ടുനിന്നാൽ ചിന്തിക്കാൻ കഴിയാത്ത ദുരന്തമാകും സംഭവിക്കുകയെന്നും നാട്ടുകാർ പറയുന്നു.
ചൂട് കൂടുന്നതിന് പിന്നാലെയാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതെന്ന് ഒരുവിഭാഗം കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പ്രദേശങ്ങള്‍ തമ്മില്‍ പോലും ചൂടിന്റെ അളവില്‍ അന്തരമുണ്ടാകും. ഇത്തരത്തില്‍ ഉയര്‍ന്ന് നില്ക്കുന്ന ചൂട് ശമിപ്പിക്കാന്‍ പ്രകൃതി ഒരുക്കുന്ന സ്വഭാവിക പ്രക്രിയയാണ് കാറ്റെന്ന് ഇവര്‍ പറയുന്നു. ചൂടിന്റെ അളവിലെ വ്യത്യാസത്തിനനുസരിച്ചാകും കാറ്റ് തീവ്രത. ചൂട് ഉയർന്ന സ്ഥലങ്ങളിൽ കാറ്റിന് അതിതീവ്രതയായിരിക്കുമെന്നും ഇവർ പറയുന്നു. സാധാരണ മഴക്കാലങ്ങളിൽ വെള്ളത്തെ പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ കാറ്റും ഭീതി സൃഷ്ടിക്കുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.മുമ്പൊക്കെ കിഴക്കന്‍ മേഖലയിലാണ് വലിയ കാറ്റ് വീശിയിരുന്നതെങ്കില്‍ ഇപ്പോള്‍ സമതല മേഖലയിലും നാശം വിതക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
കാറ്റ്: ജാഗ്രത വേണമെന്ന് ജില്ല ഭരണകൂടം
കോട്ടയം: ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ല കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു. കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുത പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യണം. കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിൽനിന്ന് മാറണം.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ഇതിന്റെ സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പുവരുത്തണം. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറണം.
കൺട്രോൾ റൂമിൽ വിളിക്കാം
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.