നോക്കിപ്പേടിപ്പിച്ച് നോക്കുകൂലി; കോട്ടയം ജില്ലയിൽ തടിവിൽപന പ്രതിസന്ധിയിൽ
text_fieldsകോട്ടയം: നോക്കുകൂലി വാങ്ങുന്നത് വ്യാപകമായതോടെ ജില്ലയിലെ തടിവിൽപന പ്രതിസന്ധിയിലായി. ജില്ലയുടെ മലയോരമേഖലയിൽ വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ കടപുഴകുന്നത് വ്യാപകമാണ്. ഇവ മുറിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ആഞ്ഞിലി, പ്ലാവ് മരങ്ങളാണ് കൂടുതലായി കയറ്റി അയക്കുന്നത്.
50 വർഷത്തിന് മുകളിൽ പ്രായമുള്ള 80 ഇഞ്ചിൽ കൂടുതൽ വണ്ണമുള്ള ആഞ്ഞിലിത്തടികൾ ജില്ലയിൽ വ്യാപകമാണ്. എന്നാൽ, മറ്റ് തടികളെ അപേക്ഷിച്ച് ആഞ്ഞിലിക്ക് വിലക്കുറവാണ്. വർഷങ്ങൾ കഴിയുംതോറും ആഞ്ഞിലിയുടെ വേരുകൾക്ക് ചീക്കരോഗം ബാധിക്കുകയും അവ വീഴുകയുമാണ് ചെയ്യുന്നത്. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ ജില്ലയുടെ വിവിധയിടങ്ങളിൽ കടപുഴകിയിരുന്നു. മരത്തടികൾ നീക്കുന്നതിന് വലിയ തുക നോക്കുകൂലിയായി ട്രേഡ് യൂനിയനുകൾ ആവശ്യപ്പെടാൻ തുടങ്ങിയതോടെ കച്ചവടക്കാർ കർഷകരിൽനിന്നും തടിവാങ്ങുന്നതിൽനിന്നും പിന്തിരിയുകയാണ്. വാങ്ങാൻ തയാറായാൽ തന്നെയും തുച്ഛമായ വില മാത്രമാണ് നൽകുന്നത്.
ഇതോടെ തടികളുടെ വിൽപന നാമമാത്രമായി. യൂനിയൻ തൊഴിലാളികളും വിരലിൽ എണ്ണാവുന്നവർ മാത്രമേ മിക്കപ്രദേശങ്ങളിലും ഉള്ളൂ. ക്രെയിനുകളുടെ സഹായമില്ലാതെ തടികൾ വാഹനങ്ങളിൽ കയറ്റാൻ സാധിക്കുകയുമില്ല. ഉയർന്ന തുകമുടക്കി തടികൾ വാഹനത്തിൽ കയറ്റിയതിന് ശേഷം കയറ്റുകൂലി എന്നപേരിൽ ഉയർന്ന തുകയാണ് ഇവർ ആവശ്യപ്പെടുന്നത്. നോക്കുകൂലി നിരോധിച്ചെന്ന സർക്കാർ പ്രഖ്യാപനം ഇവിടെ ഇതുവരെ നടപ്പായിട്ടില്ലെന്നും നോക്കുകൂലിക്കെതിരെ നിയമനടപടിുമായി മുന്നോട്ടുപോകുമെന്നും പൊതുപ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.