തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം: കച്ചവടക്കാരെ ഉടൻ ഒഴിപ്പിക്കും
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ കച്ചവടം നടത്തുന്നവരെ ഉടൻ ഒഴിപ്പിക്കാൻ നഗരസഭ. അതേസമയം, ബസ്-ടാക്സി സ്റ്റാൻഡുകൾ മാറ്റുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ബസ്-ടാക്സി സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടിയുണ്ടാവൂ എന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
ഒന്നാംതീയതി സ്കൂളുകൾ തുറക്കുന്നതിനാൽ പെട്ടെന്ന് സ്റ്റാൻഡ് മാറ്റിയാൽ കുട്ടികൾ വലയുമെന്നതും കണക്കിലെടുക്കുന്നുണ്ട്. കച്ചവടക്കാരെ മാറ്റിയാൽ സ്റ്റാൻഡിൽ ആളൊഴിയുമെന്നും ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറുന്നത് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ടെൻഡർ നടപടി ഇതുവരെ പൂർത്തിയായിട്ടില്ല. ടെൻഡറിന്റെ വ്യവസ്ഥകൾ കൗൺസിലിൽ അംഗീകരിച്ച ശേഷമേ ലേലം ചെയ്യാനാവൂ.
ഉപതെരഞ്ഞെടുപ്പിനുശേഷം അടുത്ത കൗൺസിലിൽ ടെൻഡറിന്റെ വ്യവസ്ഥകൾ അംഗീകാരത്തിന് വെച്ചേക്കും. കെട്ടിടത്തിന് 40 ലക്ഷം രൂപയും ആക്രിസാധനങ്ങൾക്ക് രണ്ടു ലക്ഷം രൂപയുമാണ് നഗരസഭ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെ അടച്ചിട്ട കെട്ടിടത്തിൽനിന്ന് ജനലുകളും കമ്പികളും അടക്കം ലക്ഷങ്ങളുടെ വസ്തുക്കൾ മോഷണം പോയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി നിർദേശപ്രകാരം തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചത്.തുടർന്ന് മറ്റു വഴികളില്ലാത്ത ചില ചെറുകിട കച്ചവടക്കാർ അടച്ചിട്ട കടമുറികൾക്ക് മുന്നിൽ വ്യാപാരം ആരംഭിച്ചിരുന്നു. അവരിൽ ഭൂരിഭാഗവും കച്ചവടം കുറവായതിനാൽ മാറി.അഞ്ചാറുപേർ മാത്രമാണ് ബാക്കിയുള്ളത്. ഇവരെയാണ് ഇപ്പോൾ ഒഴിപ്പിക്കുന്നത്.
താൽക്കാലിക ഷെഡ് കിട്ടില്ല
പൊളിക്കുന്നതിനോടനുബന്ധിച്ച് കൽപക സൂപ്പർമാർക്കറ്റ് ഇരുന്ന സ്ഥലത്ത് കച്ചവടക്കാർക്ക് താൽക്കാലിക പുനരധിവാസം നൽകാൻ സാധ്യതയില്ല. സൂപ്പർമാർക്കറ്റിന്റെ മേൽക്കൂരയിലെ ഷീറ്റ് ഉപയോഗിച്ച് താൽക്കാലിക ഷെഡ് ഒരുക്കാമെന്നായിരുന്നു ആദ്യ വാഗ്ദാനം.
എന്നാൽ, ഇതടക്കമാണ് ലേലം ചെയ്യുക. പൊളിക്കാൻ കരാർ എടുക്കുന്നവർ ഇതു വിട്ടുനൽകാൻ വഴിയില്ല. മാത്രമല്ല പൊളിച്ച് നിർമാണം നടത്തുന്നതിനിടയിൽ കച്ചവടം നടത്തുന്നത് പ്രായോഗികമാവില്ലെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.