തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനം; അളന്ന് കുടുങ്ങി നഗരസഭ
text_fieldsകോട്ടയം: കൈയേറ്റം കണ്ടുപിടിക്കാനാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനം അളന്നത്. എന്നാൽ, അളന്നുകഴിഞ്ഞപ്പോൾ കണ്ടെത്തിയത് നഗരസഭ സമീപത്തെ സ്ഥലം കൈയേറിയെന്ന്. നാല് ചതുരശ്രമീറ്റർ സ്ഥലമാണ് നഗരസഭയുടെ കൈവശത്തിൽ അനധികൃതമായി കണ്ടെത്തിയത്. നഗരസഭയുടെ അഞ്ച് ചതുരശ്രമീറ്റർ സ്ഥലം സമീപത്തെ സ്ഥലമുടമയുടെ കൈവശത്തിലും കണ്ടെത്തി. തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനത്തെ കെട്ടിടം പൊളിച്ച ശേഷമാണ് സമീപത്തെ ഹോട്ടൽ ഉടമ ഭൂമി കൈയേറിയതായി സ്ഥലം സന്ദർശിച്ച കൗൺസിലർമാർ ആരോപിച്ചത്.
തുടർന്ന് മൈതാനം അളന്നുതിരിക്കാൻ ധാരണയായി. സെക്രട്ടറിയുടെ കത്ത് പ്രകാരം താലൂക്ക് സർവേയർ ഫെബ്രുവരി 20നാണ് മൈതാനം അളന്നത്. മുട്ടമ്പലം വില്ലേജിൽ ബ്ലോക്ക് നമ്പർ 96ൽ സർവേ നമ്പർ രണ്ടിൽപെട്ടതാണ് ബസ്സ്റ്റാൻഡ് മൈതാനം. മൈതാനത്തിന്റെ പടിഞ്ഞാറ് കൈയേറ്റം ആരോപിക്കപ്പെട്ട സ്ഥലം സർവേ നമ്പർ 11ൽ പെട്ടതും. സർവേ നമ്പർ 11ൽപെട്ട ഭൂമി ഒരു ചതുരശ്രമീറ്റർ, മൂന്ന് ചതുരശ്രമീറ്റർ എന്നിങ്ങനെ രണ്ടിടത്താണ് നഗരസഭയുടെ കൈവശത്തിലായത്. നിലവിലുള്ള റീസർവേ റെക്കോർഡിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി അതിർത്തി തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് സർവേയർ അളവ് പൂർത്തീകരിച്ചു.
തഹസിൽദാർ റിപ്പോർട്ടും സ്കെച്ചും നഗരസഭക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ട് കൗൺസിൽ അംഗങ്ങൾക്ക് നൽകിയെങ്കിലും വിശദമായ ചർച്ച നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയ ശേഷമേ ചർച്ച നടക്കൂ. നിലവിൽ മൈതാനത്ത് തിരുനക്കര ഉത്സവത്തോടനുബന്ധിച്ച വിനോദമേള നടക്കുകയാണ്. 24 വരെയായിരുന്നു കരാർ കാലാവധി. 31വരെ മേള നീണ്ടേക്കും. എപ്രിൽ ഒന്നു മുതൽ സ്റ്റാൻഡിൽ ബസ്ബേ ആരംഭിക്കാനും താൽക്കാലിക സംവിധാനങ്ങളും കാത്തിരിപ്പ് കേന്ദ്രവും നിർമിക്കാനും കഴിഞ്ഞ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. മൈതാനത്തിന് താൽക്കാലിക മതിലും പണിയും. ബസ്ബേ ഉടൻ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് കലക്ടർ നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്. വിനോദമേള നടക്കുന്നതിന്റെ പേരിലാണ് ബസ് ബേ ഇത്രയും വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.