തിരുനക്കര ബസ് സ്റ്റാൻഡ്; ടാക്സി സ്റ്റാൻഡ് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തേക്ക്
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുമ്പോൾ അവിടത്തെ ടാക്സി ഡ്രൈവർമാർക്ക് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പാർക്കിങ്ങിന് അനുമതി. പൊളിച്ചുകഴിഞ്ഞാൽ പുതിയ കെട്ടിടം പണിയുന്നതുവരെ തിരുനക്കര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പൊതുപരിപാടിയുള്ള ദിവസങ്ങളിൽ തിരുനക്കര മൈതാനത്ത് പാർക്ക് ചെയ്യാം. മൂന്നുമാസമാണ് കെട്ടിടം പൊളിക്കാൻ അനുവദിച്ചിട്ടുള്ള കാലാവധി. ഇതു നീളാനേ സാധ്യതയുള്ളൂ. കെട്ടിടം പൊളിക്കുമ്പോൾ ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കാൻ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് കോഓഡിനേഷൻ കമ്മിറ്റി നഗരസഭക്ക് അപേക്ഷ നൽകിയിരുന്നു. 2021-’22 വർഷത്തെ ലേല തുകയുടെ ആനുപാതികമായ മാസവിഹിതം ഒടുക്കാൻ തയാറാണെന്നും കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു.
ആക്രിസാധനങ്ങളുടെ ലേലം തീരുമാനമായില്ല
തിരുനക്കര സ്റ്റാൻഡിലെ കെട്ടിടം പൊളിക്കാൻ കൊല്ലം കേരളപുരം അലൈയൻസ് സ്റ്റീൽസിന് നൽകിയ തീരുമാനം കൗൺസിൽ അംഗീകരിച്ചു. സ്റ്റാൻഡിലെ കൽപക മാർക്കറ്റിലെ ആക്രിസാധനങ്ങൾ നീക്കുന്നതിനുവേണ്ടി പുനർലേലം നടത്താനുള്ള തീരുമാനം അംഗീകരിക്കാനായില്ല. കൽപകയിലെ ആക്രിസാധനങ്ങൾ എന്തൊക്കെയാണെന്ന് പട്ടിക നൽകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. വിഷയം അടുത്ത കൗൺസിലിൽ ചർച്ചചെയ്യും. കെട്ടിടം പൊളിക്കുന്നതിന്റെ ലേലത്തിനൊപ്പം ആക്രിസാധനങ്ങളുടെ ലേലവും പരിഗണിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. വീണ്ടും ലേലം നടത്തിയിട്ടും ഒരു അപേക്ഷ മാത്രമാണ് വന്നത്. എന്നാൽ, ആ ഏജൻസി ലേലത്തിന് എത്തിയതുമില്ല.
വനിത വിശ്രമകേന്ദ്രം പ്രവർത്തിപ്പിക്കും
നാഗമ്പടത്തെ വനിത വിശ്രമകേന്ദ്രം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കും. 2018 മുതൽ വനിത വിശ്രമ കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. തൊട്ടടുത്ത സുഭിക്ഷ ഭക്ഷണശാല നടത്തുന്ന കുടുംബശ്രീ യൂനിറ്റ് വിശ്രമകേന്ദ്രം നടത്താൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഉദ്ദേശ്യം തെറ്റുമെന്നതിനാൽ അതു പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചു. നഗരസഭ ഫണ്ടും ശുചിത്വമിഷൻ ഫണ്ടും 22 ലക്ഷം രൂപ ഉപയോഗിച്ച് വനിത ഘടകപദ്ധതിയിൽ നിർമിച്ചതാണ് വനിത വിശ്രമകേന്ദ്രം.
നോർത്ത് സി.ഡി.എസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ ചേർന്നാണ് വനിത വിശ്രമകേന്ദ്രം നടത്തിയിരുന്നത്. നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഇടം എന്ന ലക്ഷ്യത്തോടെയാണ് വിശ്രമകേന്ദ്രം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.